Movies
സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർക്കെതിരെ വീണ്ടും അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു നാവാട്ടക്കാരൻ മാത്രമാണ് അഖിൽ മാരാരെന്ന് സത്യഭാമ പറയുന്നു.
‘‘ബിഗ് ബോസ് എന്ന മൂന്നാംകിട പരിപാടി ഒരിക്കൽ പോലും കണ്ടിട്ടില്ല. ഈ പയ്യന്റെ ചെറിയ ചെറിയ അഭിമുഖങ്ങൾ ഇടയ്ക്ക് കാണാറുണ്ടായിരുന്നു. അന്നൊക്കെ പണ്ട് മാങ്ങ വിറ്റു നടന്നിരുന്ന കഥയും, ജ്യൂസ് അടിച്ച് നടന്നിരുന്ന കഥയും കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.
കേരളത്തിലെ ‘മനുഷ്യർ’ ആയിട്ടുള്ള ആളുകൾ ഒരുപോലെ വെറുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിലാണ് നീ കാലു വച്ചതെങ്കിലും നൂറ് ശതമാനം നീ കാരണം കോൺഗ്രസിന്റെ കൂടെ നിന്ന് അവരെ നീ പുറകിൽ നിന്നും കുത്തി വീഴ്ത്തി, നിന്റെ സ്വന്തം താല്പര്യത്തിനു വേണ്ടി നീ മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായി.
ഇപ്പോൾ പറയുന്നു, ബിജെപിയുടെ ചില വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്ന്. അങ്ങനെയെങ്കിൽ കോട്ടത്തല അഖിൽ മോനെ നിന്നെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു നാവാട്ടക്കാരൻ മാത്രമാണെന്ന് നിന്റെ അമ്മയേക്കാൾ പ്രായമുള്ള എനിക്ക് ഈ കേരള സമൂഹത്തോട് ഒച്ചത്തിൽ വിളിച്ചു പറയേണ്ടതായി വരും.’’കലാമണ്ഡലം സത്യഭാമ പറഞ്ഞതിങ്ങനെ.
കഴിഞ്ഞ ദിവസവും അഖിലിനെ വിമർശിച്ച് സത്യഭാമ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനൊന്നും മറുപടിയുമായി അഖിൽ എത്തിയിട്ടില്ല.
അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയാകുന്ന വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യവിമർശനം. ചാണകത്തിൽ ചവിട്ടാൻ പാടില്ലായിരുന്നുവെന്നും ഹൃദയത്തോട് ചേർത്ത് പിടിച്ചവരെ അഖിൽ മാരാർ ചതിക്കുകയായിരുന്നുവെന്നും ഇതുവരെ ലഭിച്ച എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ തീരുമെന്നും സത്യഭാമ അന്ന് പറഞ്ഞത്.
Movies
മലയാള സിനിമാ താരസംഘടനയായ അമ്മയിൽ വീണ്ടും വാക്പോര്. പരസ്പരം പോർവിളിക്കുന്ന നടിമാരുടെ ശബ്ദസംഭാഷണങ്ങൾ പുറത്തുവന്നു. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയുടേയും എക്സിക്യൂട്ടിവ് അംഗം നീന കുറിപ്പിന്റെയുമെന്ന് സംശയിക്കുന്ന ശബ്ദസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ അമ്മ സംഘടനയെ നാണം കെടുത്തുന്ന രീതിയിലാണ് സംഭവങ്ങൾ വികസിക്കുന്നത്.
കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന അമ്മയുടെ കുടുംബസംഗമത്തിലെ പരിപാടികളെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് സൂചന.
‘ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകും’ എന്നും തുടങ്ങിയ ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ ഓഡിയോ സന്ദേശങ്ങളാണ് ലക്ഷ്മിപ്രിയ ആഭ്യന്തര ഗ്രൂപ്പിലിട്ടത്.
ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം അതിരുവിട്ടതാണെന്നും സംഘടനയുടെ അന്തസിന് ചേരാത്തതാണെന്നും ചൂണ്ടിക്കാട്ടി നീനാ കുറുപ്പും രംഗത്തെത്തി.
കഴിഞ്ഞ ദിവസം നടന്ന കുടുംബസംഗമത്തിനിടെ ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിച്ചില്ല എന്ന തർക്കമാണ് ഇത്ര വലിയ വാക്പോരിലേക്ക് കലാശിച്ചത്.
ലക്ഷ്മിപ്രിയയുടെ ഓഡിയോ മെസേജിന്റെ പൂർണരൂപം
നീനാ കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും. നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ ചാവുകയുള്ളൂ ഞാൻ എഴുതി വച്ചു തരാം. നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്തു എന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല.
ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ. ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന് എനിക്കറിയാം.
കോസ്റ്റ്യൂം ഇട്ടു നിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ, വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?.
നിങ്ങളുടെ അടുത്ത് വേണ്ട വേണ്ട വേണ്ട വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും മായും കായും ഒക്കെ പറഞ്ഞു, നിങ്ങൾ എന്തു പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ.
സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ഈ പാവം ആ കൊച്ച് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾൾക്ക് അസൂയ കൊണ്ട് മാത്രമാണ്.
ആ കൊച്ചിന് എന്നെ ആ വിവരം അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്തു നിന്ന് പൊട്ടി വീണതാണോ, നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
നീനാ കുറുപ്പേ പറ, നിങ്ങൾ പറ, നിങ്ങളെ കൊണ്ട് ഞാൻ ഇതിന് സമാധാനം പറയിപ്പിക്കും. നിങ്ങൾ കരയും, ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളെ വ്യക്തിപരമായിട്ട് ഇഷ്ടമുണ്ടോ. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം മേടിക്കേണ്ടത്, ബഹുമാനം കൊടുത്താണ് ബഹുമാനം മേടിക്കേണ്ടത്.
ഇലക്ഷന് മുമ്പ് എല്ലാ മനുഷ്യരെയും നിങ്ങൾ ഓടി നടന്ന് വിളിച്ചു പറഞ്ഞു, ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല അത്, ലക്ഷ്മിപ്രിയയ്ക്ക് വോട്ട് കൊടുക്കരുത് എന്ന്. അതിന്റെ തെളിവ് സഹിതം ഞങ്ങളുടെ കൈയിൽ ഉണ്ട്. എനിക്ക് അത് പുല്ല് ആണ്. ഈശ്വരനാണ് നീനാക്കുറിപ്പ് അല്ല, ലക്ഷ്മിപ്രിയയുടെ ജാതകം എഴുതുന്നത്. നീനാ കുറിപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്.
ഇത്രയും വലിയ ലോകത്തിൽ നിങ്ങൾ എന്താണ്, അല്ലെങ്കിൽ ഞങ്ങൾ എന്താണ്, നമ്മൾ ആരാണ് അത് നിങ്ങൾ വിചാരിക്കണം. പൊട്ടക്കുഴിയിലെ തവളയ്ക്ക് ഇതാണ് സ്വർഗലോകം എന്ന്. ഭക്ഷണ കാര്യത്തിൽ ഇടപെടുന്നു, ഡാൻസിന്റെ കാര്യത്തിൽ ഇടപെടുന്നു, അതിൽ ഇടപെടുന്നു ഇതിൽ ഇടപെടുന്നു. നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിൽ ഞങ്ങൾ ഇത്രയും 16 അംഗങ്ങൾ ഉണ്ടല്ലോ ഞങ്ങൾ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ സ്ത്രീയെ.
അവനവനെ ഏൽപ്പിക്കുന്ന ജോലി അവനവൻ ചെയ്യണം മനസ്സിലായോ, ഞങ്ങൾ ഇത്ര ആൾക്കാരുടെ ശാപം നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. ഞങ്ങളുടെ ആ പ്രോഗ്രാമിന് അത് എങ്ങനെ ബാധിച്ചു എന്നുള്ളത് നിങ്ങൾക്ക് അറിഞ്ഞുകൂടാ. നിങ്ങൾ ചെയ്യുന്ന ഒരു പ്രോഗ്രാമിൽ ഞാനാണ് നിങ്ങളുടെ ഒരു ആർട്ടിസ്റ്റിനെ ഇങ്ങനെ കൊണ്ടുവന്നിട്ട് വിടാതെ തടസ്സപ്പെടുത്തി പിടിച്ചു വച്ചാൽ.. നിങ്ങൾ ചെയ്തത് ഒട്ടും മര്യാദയായില്ല.
പിന്നെ നിങ്ങൾ അർഹിക്കുന്ന രീതിയിലേ നിങ്ങൾക്ക് കിട്ടുകയുള്ളൂ. നിങ്ങൾ അവിടെ കിടന്ന് എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്. ഒന്ന് റിവൈൻഡ് ചെയ്തു നോക്കിക്കേ, നിങ്ങൾക്ക് എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടെങ്കിൽ പോയി ട്രീറ്റ്മെന്റ് എടുക്കണം.
അതല്ലാതെ വേറെ എന്തെങ്കിലും പ്രശ്നമാണെങ്കിൽ അതിന് നിങ്ങളാണ് പരിഹാരം കണ്ടെത്തേണ്ടത്. അതിന് ഞങ്ങൾ 16 പേർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. അവനവൻ ഒന്ന് ഒതുങ്ങണം ആദ്യമേ, ഞങ്ങൾ ഒക്കെ തലയിൽ കൂടെ വണ്ടി ഓടി തന്നെയാണ് നടന്നത്. ഇവിടെയുള്ള 16 പേരും ഈക്വലി എഫർട്ട് എടുത്തിട്ടുണ്ട്.
സന്തോഷ് കീഴാറ്റൂർ ചേട്ടൻ ഇവിടെ ഇല്ലായിരുന്നു എന്നുള്ളതേയുള്ളൂ അപ്പോഴപ്പോ ഓരോ കാര്യങ്ങൾ അദ്ദേഹം നമ്മളെ വിളിച്ച് ചോദിക്കുകയും ആ ടെൻഷൻ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മനസുകൊണ്ട് ചേട്ടൻ നമ്മുടെ കൂടെ ഉണ്ടായിട്ടുണ്ട്. എല്ലാവരും അവരവർക്ക് ഏൽപ്പിച്ച ജോലി ചെയ്തു. നിങ്ങൾക്ക് എന്ത് എന്ത് എക്സ്ട്രാ ഫിറ്റിംഗ് ആണ് വന്നത്.
എനിക്ക് നിങ്ങളെ വിളിച്ച് സംസാരിക്കാൻ താല്പര്യമില്ല, എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടാ, ഞാൻ ഇവർക്ക് എന്ത് വൈരാഗ്യമാണ് ചെയ്തതെന്ന് എനിക്ക് അറിയില്ല. തുടക്കം തൊട്ട് ഈ സ്ത്രീ എന്നോട് എങ്ങനെയാണ് പെരുമാറുന്നത്.
ഞാൻ ഇവരെ ഒഴിവാക്കി വിടുകയായിരുന്നു. അവർക്ക് എന്താ പ്രശ്നം എന്ന് എനിക്ക് അറിയില്ല. ആകെ ഒന്നോ രണ്ടോ പടത്തിലെ ഇവരുടെ കൂടെ അഭിനയിച്ചിട്ടുള്ളൂ. എന്തോ ഞാനും അവരുമായി ചേരില്ല എന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ ഒരു കൃമി എപ്പോഴും ഒരു കൃമി ആയിരിക്കും.
ഒരു വിഷം എപ്പോഴും ഒരു വിഷം ആയിരിക്കും. നിങ്ങൾ ആരുമായിട്ടാ ചേരുന്നത്, നിങ്ങൾ ചേരുന്ന ഒരു വ്യക്തിയെ പറഞ്ഞു താ. എനിക്ക് നിങ്ങളോട് വൈരാഗ്യമൊന്നുമില്ല, ഇന്ന് നിങ്ങളെ വിളിച്ച് അഭിനന്ദിക്കണം എന്ന് കരുതിയിരുന്നതാണ്. എനിക്ക് തൊണ്ടയ്ക്ക് സുഖമില്ലാതിരുന്നിട്ടും ആന്റിബയോട്ടിക്സ് കഴിച്ചാണ് സംസാരിക്കുന്നത്. പക്ഷേ, സ്റ്റേജിൽ കയറാത്തതിന്റെ പേരിൽ ആ കുഞ്ഞിനെ എല്ലാവരും ചീത്ത പറഞ്ഞപ്പോൾ അവൾ കരഞ്ഞുകൊണ്ട് എനിക്ക് വോയിസ് മെസേജ് അയച്ചു. ഡ്രസ് ചെയ്ത് വന്ന ആ കുട്ടിയെ നിങ്ങൾ പിടിച്ചുവച്ചു.
നിങ്ങൾ ആരാണ്? ഇവിടുത്തെ പോലീസോ ? അതോ ‘അമ്മ’യുടെ പ്രസിഡന്റോ? ഇവരും ഒരു മെംബർ മാത്രമല്ലേ ശ്വേത ചേച്ചി, കുക്കു ചേച്ചി. നമ്മളെല്ലാം കഷ്ടപ്പെടുന്നത് ‘അമ്മ’ എന്ന കുടുംബത്തിന് വേണ്ടിയാണ്.
അല്ലാതെ വീട്ടുകാര്‍ക്ക് ഉണ്ടാക്കി കൊടുക്കാനാകല്ല. അവിടെയുള്ള അമ്മമാരുടെ കണ്ണുനീർ വീഴ്ത്തിയ നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ. ഞങ്ങളുടെ എല്ലാവരുടെയും ശാപം നിനക്ക് ഉണ്ടാകും, നീ ഇത്ര വൃത്തികെട്ടവളാണെന്ന് എനിക്കറിയില്ലായിരുന്നു. ഇതിന്റെ പേരിൽ നീ കേസ് കൊടുത്താലും എനിക്കൊരു കുന്തവുമില്ല.
നീനാ കുറുപ്പേ എഴുതിവച്ചോ, നിന്റെ അന്ത്യം ഞങ്ങൾ കാണും. എന്റെ ആത്മാവെങ്കിലും കാണും. നീ പുഴുത്ത് പുഴുത്ത് ചാകും. ഇതിന്റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല. നിങ്ങൾ ആരാണ് ഞങ്ങളുടെ ആണുങ്ങളെക്കുറിച്ച് ഒക്കെ മോശം പറയാൻ? നിങ്ങൾക്ക് പ്രിയപ്പെട്ടവർ മാത്രമേ ഇതിനകത്തുള്ളോ? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. പലരും നിന്നോട് എതിർത്ത് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്.
ഞാൻ വിചാരിച്ചിരുന്നത് നിങ്ങൾക്ക് എന്നോട് മാത്രമേ പ്രശ്നമുള്ളൂ എന്നാണ്. ചിലരുടെ എനർജീസ് തമ്മിൽ ചേരുന്നുണ്ടാവില്ല, നമ്മളോട് അവർ ഒരു ശത്രുതയും ചെയ്തിട്ടുണ്ടാവില്ല പക്ഷേ നമുക്ക് അവർ ശത്രുക്കൾ ആയിരിക്കും. എനിക്ക് നിങ്ങളോട് ഒന്നുമില്ല, പക്ഷേ നിങ്ങൾക്ക് എന്നോട് അങ്ങനെയാണെന്നാണ് ഞാൻ അങ്ങനെ വിചാരിച്ചിരുന്നത്.
നിങ്ങൾക്ക് എന്ത് കഴിവാണ് ഉള്ളത്, അതൊന്നു പറ. ഈ ആളുകളുടെ അടുത്ത് വഴക്കിടാനും അവരുടെ മേത്ത് കുതിര കയറാനും അവരെയൊക്കെ ചീത്തപറയാനും അവരെ വെറുപ്പിക്കുക എന്നല്ലാതെ എന്ത് കഴിവുണ്ട്.
നിങ്ങൾ ആരാ വിശ്വോത്തര നടിയോ? നിങ്ങൾക്ക് എങ്ങനെയാണ് ഈ ‘അമ്മ’യിൽ മെമ്പർഷിപ്പ് കിട്ടിയെന്ന് പോലും എനിക്കറിയില്ല. നിങ്ങൾ എന്ത് ക്യാരക്ടർ ആണ് അഭിനയിച്ചിട്ടുള്ളത്. എന്തോ ഈശ്വര ഭാഗ്യം ഉള്ളതുകൊണ്ട് നിങ്ങൾ സിനിമയിൽ വന്നു, നിങ്ങൾ ഇത്രയും വലിയ മഹത്തായ ഒരു സംഘടനയിൽ മെമ്പർ ആയി. അത്രയേ ഉള്ളൂ നീനാ കുറുപ്പ് മാഡം അത്രയേ ഉള്ളൂ.
നിങ്ങൾക്ക് നന്നായി സംസാരിക്കാൻ പോലും അറിയില്ല, നാക്ക് പോലും നിങ്ങൾക്ക് തിരിയില്ല. ചേമ്പ് പുഴുങ്ങിയത് വായിൽ ഇട്ടത് പോലെയാണ് നിങ്ങൾ സംസാരിക്കുന്നത്. ഇംഗ്ലിഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും അത് ആൾക്കാർക്ക് മനസിലാവില്ല. പിന്നെ സൗന്ദര്യം, നിങ്ങളെക്കാളും സൗന്ദര്യമുള്ള ആൾക്കാരുണ്ട്, നിങ്ങൾ എന്റെ അമ്മയെ കണ്ടു നോക്കണം.
എന്റെ അമ്മ എന്ത് സുന്ദരിയാണ്, എന്റെ അമ്മയുടെ പെരുമാറ്റം എന്ത് നല്ല പെരുമാറ്റമാണ്. നിങ്ങളുടെ പ്രായത്തെ മാത്രമേ ഞാൻ ബഹുമാനിക്കുന്നുള്ളൂ. അല്ലാതെ മലയാള സിനിമയ്ക്കോ ഈ സമൂഹത്തിനോ നിങ്ങൾ എന്തെങ്കിലും ചെയ്തതതായി എന്റെ അറിവിൽ ഇല്ല. നിങ്ങൾ ചെയ്ത ക്യാരക്ടേഴ്സ് ചെയ്യാൻ ഇവിടെ ആയിരം പേരുണ്ട്. അല്ലെങ്കിൽ തന്നെ നിങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച എന്ത് ക്യാരക്ടർ ആണ് ഇവിടെ ഉള്ളത്.
നിങ്ങൾ എന്തുവേഷം കെട്ടാണ് ഈ കാണിക്കുന്നത്, ചെറുപ്പമായിരിക്കുന്നതാണോ? അതിനെ ഞാൻ പ്രശംസിക്കുന്നു, അത് നിങ്ങളുടെ മിടുക്ക്. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. നര വീണാൽ നര ഇട്ടു നടക്കും, വണ്ണം വച്ചാൽ വണ്ണം ഞാൻ ഉള്ളതുപോലെ നടക്കും.
സൗന്ദര്യം എന്ന് പറയുന്നത് ഒരു ഘടകമേ അല്ല. നമ്മുടെ മനസിനാണ് സൗന്ദര്യം വേണ്ടത്. നിങ്ങളുടെ മനസ്സ് മൊത്തം വിഷം മാത്രമാണ്. ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ ഗതി പിടിക്കില്ല. ഇത് എല്ലാവരും അറിയാൻ വേണ്ടി ഞാൻ പരസ്യമായി പറയുന്നു. സത്യത്തിൽ സ്റ്റേജിൽ മൈക്ക് എടുത്ത് പറയേണ്ട കാര്യമാണ് ഞാൻ ഇപ്പോൾ ഗ്രൂപ്പിൽ പറയുന്നത്. ഇക്കാര്യം 17പേരിൽ നിന്നാൽ നിന്നു, ഇത് ഔട്ട് ആയി പോകണമെങ്കിൽ ഔട്ട് ആയി പോകട്ടെ.
നിങ്ങൾ അവിടെ എന്താണ് കാണിച്ചു കൂട്ടിയത്. എന്ത് സമ്മർദമാണ് ആളുകൾക്ക് കൊടുത്തത്. നിങ്ങൾ കാരണം രാത്രി 12:30 ക്ക് മീറ്റിംഗ് വിളിക്കേണ്ടി വരുന്നു. കാറ്ററിംഗിനു വന്ന ആളുകൾപോലും ഇതെന്താണെന്ന് ചോദിക്കുകയുണ്ടായി. ഇതാണോ നമ്മൾ കൊടുക്കേണ്ട സാമൂഹിക സന്ദേശം.
സംഘടനയുടെ സൽപ്പേര് നിലനിർത്താനുള്ള ബാധ്യത നമുക്കെല്ലാവർക്കും ഉണ്ട്. നിങ്ങൾ അവിടെ കിടന്ന് ചീത്ത പറയുമ്പോൾ അത് കണ്ടുകൊണ്ട് നിൽക്കുന്ന ആൾക്കാരുണ്ട്. ആരെങ്കിലും ഇതൊക്കെ എടുത്ത് യൂട്യൂബ് വിഡിയോയിൽ ഇട്ടാൽ ഇപ്പോൾ കിട്ടുന്ന സ്പോൺസേഴ്സിനെ പോലും കിട്ടില്ല. നമ്മൾ ജോലി ചെയ്യുന്നത് പാവപ്പെട്ട അമ്മമാർക്ക് അന്നം മേടിക്കാനും മരുന്ന് മേടിക്കാനുമാണ്. .
ഞാൻ ഇസി (എക്സിക്യൂട്ടിവ് കമ്മിറ്റി) മെമ്പർമാരെ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഇന്ന് രാവിലെ രാജിവയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചാണ് ഞാൻ ഉണർന്നത്. അപ്പോഴാണ് ആ കുട്ടിയുടെ വോയ്സ്നോട്ട് കിട്ടുന്നത്. നിങ്ങൾ നാക്കിനെ നിയന്ത്രിക്കണം. ആ കുഞ്ഞിനോടും ഒരു ശത്രുതയുമില്ല. നിങ്ങൾ ഒരു സാമൂഹിക വിപത്താണ്.
സ്റ്റേജിൽ ഒരു കമ്മിറ്റ്മെന്റ് ഉണ്ട്. എല്ലാവർക്കും ആശങ്കയും ആകാംക്ഷയുമൊക്കെ ഉണ്ടാകും. പരസ്പരം ചോദിച്ചാൽ മാത്രമാണ് കാര്യങ്ങൾ അറിയൂ. ഇത്രയും പ്രശ്നങ്ങൾ സ്റ്റേജിൽ ഉണ്ടായിട്ട് എന്നോടു വന്ന് എന്തെങ്കിലും ചോദിച്ചോ? രണ്ടര മണിക്കൂർ ലൈവ് നാടകം ചെയ്യുന്നത് നിനക്ക് ആലോചിക്കാൻ പോലും പറ്റില്ല. ഞാനത് ചെയ്തിട്ടുണ്ട്.
സ്റ്റേജിൽ ഒരു ആർട്ടിസ്റ്റ് വന്നില്ലെങ്കിൽ ആ നിമിഷം അനുഭവിക്കുന്ന ടെൻഷൻ നിനക്കറിയുമോ? ആ കുട്ടിക്ക് വരാൻ പറ്റില്ലെങ്കിൽ നിനക്ക് എന്നോട് ഒന്ന് പറയാമായിരുന്നു. അപ്പോൾ പകരത്തിനൊരു സംവിധാനം ചെയ്യാൻ പറ്റും. സ്റ്റേജിൽ കയറുമ്പോഴാണ് അറിയുന്നത് ഈ കുട്ടി ഇല്ലെന്ന്, എന്നിട്ട് എന്തെങ്കിലും കുഴപ്പം ഡാൻസിനു പറ്റിയോ? ഞാൻ വിശ്വോത്തര നർത്തകിമാരെ കൊണ്ടല്ല പ്രോഗ്രാം ചെയ്യിച്ചത്.
ഞാൻ എന്റെ അമ്മമാരെക്കൊണ്ടാണ് പെർഫോം ചെയ്യിപ്പിച്ചത് ? കിഡ്നി സർജറി കഴിഞ്ഞ വിചിത്ര ആന്റി, മുട്ട് സർജറി കഴിഞ്ഞ ദീപിക ആന്റി, 80 വയസ്സുള്ള കൃഷ്ണൻ അങ്കിൾ, 68 വയസ്സുള്ള ശിവൻ ചേട്ടൻ എന്നിവരെ കൊണ്ടാണ് ഞാൻ ചെയ്യിപ്പിച്ചത്.
ഒന്നേകാൽ ദിവസം കൊണ്ടാണ് ഞങ്ങൾ അത് പഠിപ്പിച്ചത്. സ്റ്റേജിൽ കയറിയപ്പോൾ അവർ അനുഭവിച്ച ഒരു സന്തോഷം ഉണ്ടല്ലോ ആ സന്തോഷമാണ് എനിക്ക് അനുഗ്രഹമായി വരുന്നത്. ആ സന്തോഷം ഞാൻ നല്ലപോലെ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും എൻറെ മനസ്സ് നിറഞ്ഞാണ് ഇരിക്കുന്നത്.
ആ മനസ് നിറഞ്ഞു തന്നെ നിങ്ങളെ ഞാൻ ശപിക്കുകയും ചെയ്യും. ഒരാളോടും ചെയ്യരുത് ഇങ്ങനെയൊന്നും. ലക്ഷ്മിപ്രിയ എന്ന് പറഞ്ഞ വ്യക്തി ആയതുകൊണ്ടാണ് ഇങ്ങനെ എന്ന് ഞാൻ വിചാരിക്കുന്നില്ല. ഇപ്പോൾ എനിക്ക് നിങ്ങളുടെ സ്വഭാവം മനസ്സിലായി. നിങ്ങൾ എല്ലാവരോടും ഇങ്ങനെ തന്നെയാണ്.
നിങ്ങൾക്ക് ഈ ലോകത്തോട് മുഴുവനും വെറുപ്പാണ്. വിദ്വേഷം കൊണ്ടാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ ജീവിതത്തിൽ ചതിക്കുകയും വഞ്ചിക്കുകയും പറ്റിയഒക്കെ ചെയ്തിട്ടുണ്ടാവും. സ്ത്രീകളോട് മാത്രമാണ് വെറുപ്പ് എന്ന് ഞാൻ ആദ്യം വിചാരിച്ചിരുന്നു, പക്ഷേ നിങ്ങൾക്ക് പുരുഷന്മാരോടും വെറുപ്പാണ്.
നിങ്ങൾക്ക് ഈ ലോകത്തുള്ള സകലതിനോടും വെറുപ്പാണ്. പുച്ഛമാണ് നിങ്ങളുടെ സ്ഥായി ഭാവം. നിങ്ങൾക്ക് ഇല്ലാത്തതും ഞങ്ങൾക്ക് ഉള്ളതും ആയ ഒരു സാധനം ഉണ്ട് വിവേകബുദ്ധി. നിനക്ക് വിവേകബുദ്ധിയില്ല. കാണിച്ചത് വെറും ചെറ്റത്തരവും തെമ്മാടിത്തരവുമാണ്.’’
ലക്ഷ്മിപ്രിയയ്ക്ക് നീന കുറുപ്പ് നൽകിയ മറുപടി ഇങ്ങനെ
‘‘ലക്ഷ്മി, ഇപ്പോൾ എനിക്കിത് പറയാതെ വയ്യ. നിങ്ങൾ ഇപ്പോൾ സംസാരിച്ചത് വളരെ വളരെ മോശമായ രീതിയിലാണ്. ഇതിന്റെ പേരിൽ നടപടി എടുക്കുമോ എന്നതല്ല ഇവിടുത്തെ പ്രധാന പ്രശ്നം. ലക്ഷ്മി ഇപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം 'അമ്മ' എന്ന സംഘടനയുടെ അന്തസിന് ചേരാത്തതാണ്.
മറുഭാഗത്ത് എന്ത് പ്രശ്നമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരു പരാതിയായി എഴുതി നൽകുകയാണ് വേണ്ടത്. അല്ലെങ്കിൽ ആ പരാതി ഈ ഗ്രൂപ്പിൽ ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടത്. ഇപ്പോൾ നിന്റെ ഈ സംസാരത്തിലൂടെ മറ്റു 16 പേരെ കൂടി നീ മോശക്കാരാക്കി മാറ്റിയിരിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.
‘അമ്മ’യിലെ ഒരംഗം പോലും ഇത്തരത്തിൽ സംസാരിക്കാൻ പാടില്ല. എന്ത് എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും അത് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൊണ്ടുവരാം അല്ലെങ്കിൽ നേരിട്ട് പറയാം. പക്ഷേ, ഒരു 'അമ്മ' മെമ്പർ പെരുമാറേണ്ട രീതി ഇതല്ല. ഒരു പ്രോഗ്രാമിനിടെ എന്ത് പ്രശ്നമുണ്ടായാലും ഇത്തരത്തിൽ പ്രതികരിക്കുന്നത് തെറ്റാണ്. ഇത് എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.
ലക്ഷ്മിക്ക് സ്വന്തം വികാരങ്ങളും ദേഷ്യവും എതിർപ്പും ഒക്കെ ഉണ്ടാകാം, അതിനെയെല്ലാം ഞാൻ ബഹുമാനിക്കുന്നു. ആര് തെറ്റ് ചെയ്തു, ആര് ശരി ചെയ്തു എന്നതൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എങ്കിലും, ആരാണെങ്കിലും ശരി, ഇതുപോലെയുള്ള പ്രതികരണങ്ങളും സംസാര രീതിയും അത് സംസാരിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയാണ് പുറത്തുകാണിക്കുന്നത്. ഇങ്ങനെ സംസാരിക്കരുത്; ഇതല്ല അമ്മ.’’
Movies
മക്കൾ ഇതുവരെയും തന്റെ ചിത്രങ്ങളൊന്നും കണ്ടിട്ടില്ലെന്ന് നടി ശാലിനി. ജെഎഫ്ഡബ്ല്യു മൂവി അവാർഡ്സ് 2026-ന്റെ വേദിയിൽ വെച്ചാണ് ശാലിനിയുടെ ഈ കൗതുകകരമായ വെളിപ്പെടുത്തൽ.
എന്റെ ഒരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ?’ എന്ന് വേദിയിൽ വെച്ച് മക്കളോട് തമാശരൂപേണ താരം അഭ്യർത്ഥിച്ചു. സിനിമ കാണാൻ പലതവണ പദ്ധതിയിടുമെങ്കിലും പിന്നെയാകാം എന്ന് പറഞ്ഞ് മക്കൾ അത് മാറ്റിവയ്ക്കുകയാണ് പതിവെന്നും തന്റെ സിനിമകളിലെ പാട്ടുകൾ കാണുന്നതല്ലാതെ പൂർണരൂപത്തിൽ ഒരു ചിത്രം പോലും അവർ കണ്ടിട്ടില്ലെന്നും ശാലിനി വെളിപ്പെടുത്തി.
'എന്റെ മക്കൾ ഇതുവരെ എന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല. എപ്പോഴെങ്കിലും സിനിമ കാണാം എന്ന് പ്ലാൻ ചെയ്യുമ്പോൾ, ശരി, നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞ് അവർ അത് മാറ്റിവയ്ക്കും.
സത്യത്തിൽ, ഈ അവസരം ഉപയോഗിച്ച് എനിക്ക് എന്റെ മക്കളോട് ഒരു കാര്യം പറയാനുണ്ട്. മക്കളേ, ദയവുചെയ്ത് എന്റെ ഒരേയൊരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ?
നമ്മൾ എന്തെങ്കിലും പ്ലാൻ ചെയ്യുമ്പോഴൊക്കെ അവർ 'പിന്നെയാകാം' എന്ന് പറഞ്ഞ് ഒഴിയുകയാണ് പതിവ്. ഈ അടുത്ത കാലത്ത് എന്റെ മകൾ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, 'അമ്മേ, അമ്മയുടെ ഒരു ഗംഭീര സിനിമയെക്കുറിച്ച് എന്റെ കൂട്ടുകാരി പറഞ്ഞു. അതിന്റെ കഥ കേട്ടിട്ട് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു, നമുക്കിത് ഒരുമിച്ച് ഇരുന്ന് കാണണം' എന്ന്. അവൾ അന്ന് നല്ല ആവേശത്തിലായിരുന്നു, ഞാനും ശരിയെന്ന് സമ്മതിച്ചു. പക്ഷേ അതും നടന്നില്ല. അവർ എന്റെ സിനിമയിലെ പാട്ടുകൾ കാണും എന്നല്ലാതെ അതിൽ കൂടുതൽ ഒന്നും സംഭവിക്കാറില്ല'. ശാലിനി പറഞ്ഞു.
Movies
താരങ്ങളായ ധനുഷും മൃണാള്‍ താക്കൂറും തമ്മിലുളള പ്രണയവും വിവാഹ വാര്ത്തയുമൊക്കെയാണ് കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ ഇവര്‍ വിവാഹിതരാകും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആ ദിനവും ഒന്നും സംഭവിക്കാതെ കടന്നുപോയി.
ഒടുവില്‍ ഈ ഗോസിപ്പുകളോടു പ്രതികരിച്ച് മൃണാള്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ഇത്തരം വാര്‍ത്തകളെ തമാശയോടെയാണ് താന്‍ കണ്ടതെന്ന്, ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മൃണാള്‍ പറഞ്ഞു.
ശരിയായ സമയത്ത് തന്റെ പങ്കാളിയെ കണ്ടെത്തുമെന്നും പത്ത് കോടി ചെലവാക്കിയാലും എനിക്കിത്ര പബ്ലിസിറ്റി കിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഗോസിപ്പുകള്‍ പടച്ചുവിട്ടവര്‍ക്ക് നടി നന്ദിയും പറഞ്ഞു.
അവരുടെ കണക്കുകൂട്ടലില്‍ എന്റെ കല്യാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശരിയായ സമയത്ത് എന്റെ പങ്കാളിയെ ഞാൻ കണ്ടെത്തും. ഇതുവരെ എനിക്ക് ഒരു പിആര്‍ ടീം ഇല്ലായിരുന്നു. എന്റെ മേൽവിലാസം വരെ പ്രചരിച്ചതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്കൊരു ടീമിനെ നിയമിക്കേണ്ടി വന്നു.
എന്നെത്തന്നെ സംരക്ഷിക്കാനാണ് ഞാൻ അതു ചെയ്തത്. ഞാൻ മൂന്നു കോടിയോ, ആറു കോടിയോ, പത്തു കോടിയോ ചിലവാക്കിയാൽ പോലും എനിക്ക് ഇത്രയും വലിയ പബ്ലിസിറ്റി ലഭിക്കില്ലെന്ന് ഞാൻ മനസിലാക്കി. അതുകൊണ്ട് ഈ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച എല്ലാവർക്കും വലിയ നന്ദി- മൃണാൾ പറഞ്ഞു.
മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമിയറില്‍ നിന്നുള്ള ധനുഷും മൃണാളും അടുത്തിടപഴകുന്ന ഒരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോടു താരം പ്രതികരിച്ചത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്ക് മേമിന്റെ സക്സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു. ഇതും ഗോസിപ്പിന് ആക്കം കൂട്ടിയിരുന്നു.
Movies
47 വർഷങ്ങൾക്ക് ശേഷം രജനീകാന്തും കമൽഹാസനും ഒന്നിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് എത്തി. ആരാധകർ ഇതിനോടകം വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.
സ്റ്റൈലിഷ് ലുക്കിലാണ് ഇരുതാരങ്ങളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘ഹീറോ യാര്’ എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. തമിഴിലെ ആദ്യ 1000 കോടി പടം ആകും ഈ ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നെൽസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. ഇരുവരുടെയും രസകരമായ സംഭാഷണത്തിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.
Movies
വലതുവശത്തെ കള്ളൻ തങ്ങളുടെ ആദ്യ നഷ്ട സിനിമയാണെന്ന് ഗുഡ്വിൽ എന്റർടെയ്ൻമെൻസിന്റെ ഉടമയും നിർമാതാവുമായ ജോബി ജോർജ്. ജീവിതത്തിൽ സ്മരണ ഉണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അതിന്റെ ഭാഗമായി പ്രൊഡക്ഷന്റെ ഭാഗമായതെന്നും ജോബി പറഞ്ഞു.
‘‘അന്തിച്ചർച്ചയിൽ സിനിമാക്കാർ പറയുന്നൊരു കാര്യമായിരുന്നു ഗുഡ്വിൽ എന്റർടെയ്ൻെമന്റ്സിന്റെ സിനിമകളെല്ലാം ഹിറ്റ് ആയിരുന്നു എന്നത്. അവർക്ക് ആഘോഷിക്കാൻ വേണ്ടി എനിക്കു പറയാം, ‘വലതുവശത്തെ കള്ളൻ’ ഗുഡ്വില്ലിന്റെ ആദ്യത്തെ നഷ്ട സിനിമയാണ്. പക്ഷേ അവർ ഭാഗികമായി സന്തോഷിച്ചാൽ മതി.
അത് ഗുഡ്വില് എന്റർടെയ്ൻമെൻസിന്റെ സ്വന്തം പടമല്ല. ഞങ്ങൾ ഡിസ്ട്രിബ്യൂട്ട് ചെയ്ത പടമാണ്. അല്ലെങ്കിൽ ഗുഡ്വില് എന്ന പ്രസ്ഥാനം ഒരാളെ സഹായിക്കാൻ പോയതാണ്. ജീവിതത്തിൽ സ്മരണ ഉണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. തിന്ന ചോറിന് നന്ദി കാണിക്കണം. നമ്മളെ ഒരു നോട്ടത്താൽ എങ്കിലും സഹായം ചെയ്തവർക്ക് തിരിച്ച് സഹായം ചെയ്യുക, നന്മയുടെ പാതയിൽ നടക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് നന്മ െചയ്യുക, അങ്ങനെ വിചാരിക്കുന്ന ആളാണ് ഞാൻ.
ഷാജി നടേശൻ എന്ന നിർമാതാവിന്റെ പടത്തിലെ എല്ലാ പാട്ടുകളും ഗുഡ്വിൽ എന്റർടെയ്ൻമെൻസിന് ആയിരുന്നു കിട്ടിയിരുന്നത്. അതെല്ലാം ഹിറ്റായിരുന്നു. അവരുമായൊരു പാലം സൃഷ്ടിച്ചിരുന്നു. ആ പാട്ടുകൾ കാരണം നമുക്ക് കിട്ടിയ ഹൈപ്പും വാല്യുവും അദ്ദേഹത്തോടൊരു കടപ്പാട് സൃഷ്ടിച്ചു. ഷാജി നടേശന്റെ കഴിഞ്ഞ രണ്ട് സിനിമകൾ (ഒറ്റ്, ഗ്ർർ) ഫ്ലോപ്പ് ആയിരുന്നു.
ആ പ്രശ്നത്തിൽ നിൽക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ ഡേറ്റ് കിട്ടുന്നത്. ആരൊക്കെയോ ഇൻവെസ്റ്റേഴ്സ് പൈസ കൊടുക്കാമെന്ന് പറഞ്ഞാണ് ഷാജി പടം തുടങ്ങിയത്. എന്നാൽ ഇടയ്ക്ക് വച്ച് ആരും പൈസ കൊടുക്കാതെ വന്നു.
ആരും സഹായിക്കാൻ ഇല്ലാതെ വന്നപ്പോഴാണ് ഞാൻ വരുന്നത്. പ്രശ്നങ്ങളറിഞ്ഞപ്പോൾ വിതരണാവകാശം തരാൻ പറഞ്ഞു. സാധാരണ ഡിസ്ട്രിബ്യൂഷന്‍ പത്ത് ശതമാനം ആണ് വാങ്ങിക്കുന്നത്. എനിക്ക് അഞ്ച് ശതമാനം മതിയെന്ന് പറഞ്ഞു.
ഡിസ്ട്രിബ്യൂഷന്‍ അഡ്വാൻസായി ആറര കോടി രൂപ കൊടുത്തു. അതിലുള്ള എഗ്രിമെന്റ് ഉണ്ട്. ഷാജി നടേശൻ എനിക്ക് ആ പണം തരാതെ വെറൊരു പടം ചെയ്യാൻ പാടില്ലെന്നാണ് എഗ്രിമെന്റ്.
കൃത്യ സമയത്ത് അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്ക് പലിശ തരണം. അതാണ് അതിലുള്ള ക്ലോസ്. പലിശ വേണ്ട മുതൽ മാത്രം മതി, ഇനിയും പുള്ളിയെ സഹായിക്കാൻ ഞാൻ തയാറാണ്. അദ്ദേഹം സിനിമാ കുടുംബത്തില്‍ പെട്ട ആളാണ്.
ആ പൈസ തികയാതെ വന്നപ്പോൾ വീണ്ടും പൈസ കൊടുത്തു. അങ്ങനെ ‘വലതുവശത്തെ കള്ളൻ’ തിയറ്ററിൽ എത്തുന്നത് 16 കോടി രൂപ ചെലവാക്കിയാണ്. ആ സിനിമ മോശമല്ല, ഇത്ര പോരായ്മയുമില്ല, എന്തുകൊണ്ടോ സിനിമ ഓടിയില്ല. സിനിമ ഓടാത്തതുകൊണ്ട് അണിയറക്കാരെയോ അഭിനേതാക്കളെയോ കുറ്റം പറഞ്ഞിട്ട് കാര്യമല്ല.
ബി. ഉണ്ണികൃഷണൻ പറഞ്ഞു, ബിജു മേനോൻ പ്രമോഷന് വന്നില്ലെന്ന്. അത് സത്യമാണ്. സംഘടനാ നേതാവിന് സത്യം മാത്രമല്ലേ പറയാന്‍ പറ്റൂപിറ്റേ ദിവസം അസോസിയേഷൻ ഒരു തീരുമാനം വച്ചപ്പോൾ വട്ടമേശ സമ്മേളനം നടത്തിയാൽ സിനിമ വിജയിക്കില്ലെന്നു ഷാജി അങ്ങോട്ട് പോയി അഭിമുഖം കൊടുത്തു. അതിനോട് എനിക്കു വിയോജിപ്പാണ്. ഇന്നത്തെ കാലത്ത്, ഉപ്പുതൊട്ട് കർപ്പൂരം വരെ വിൽക്കണമെങ്കിൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ വേണം.
സിനിമ വിജയിക്കും പരാജയപ്പെടും. പക്ഷേ, അതു മാർക്കറ്റ് ചെയ്യാൻ അഭിനേതാക്കൾതന്നെ വരേണ്ടി വരും, അക്കാര്യത്തിൽ അസോസിയേഷന്റെയും ഉണ്ണികൃഷ്ണന്റെയും കൂടെയേ ഞാൻ നിൽക്കൂ. ഷാജി നല്ല മനുഷ്യനായതു കൊണ്ട് എനിക്കു പൈസ തിരിച്ചു തരും.
ഇനിയും അദ്ദേഹത്തെ സഹായിക്കും. പൈസ വാങ്ങുന്ന നായകന്മാർ പ്രമോഷന് നിൽക്കണം. അല്ലെങ്കിൽ പൈസ വാങ്ങരുത്. ജില്ലാ കളക്ടർക്ക് കിട്ടുന്നതിനെക്കാൾ ശമ്പളം ഒരു സിനിമാ നടനു കിട്ടുന്നില്ലേ? അപ്പോൾ അതിന്റെ കൂറ് കാണിക്കണ്ടേ. സിനിമ ഒരു വ്യവസായമാണ്. എല്ലാവരും അതിനൊപ്പം നിൽക്കണം.’’ ജോബി ജോർജ് പറഞ്ഞു.
Movies
എൻഡിഎയുടെ ഭാഗമായി രാഷ്ട്രീയ പ്രവേശനം നടത്തിയ സംവിധായകൻ അഖിൽ മാരാരെക്കുറിച്ച് ഉണ്ണി മുകുന്ദൻ എഴുതിയ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഗോഡ്ഫാദറോ തലമുറകളുടെ രാഷ്ട്രീയ പിന്തുണയോ ഇല്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത് അഖിലിന്റെ ധൈര്യമാണെന്ന് ഉണ്ണി പറയുന്നു.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ
ഒരു സുഹൃത്തിനുള്ള ചെറിയ കുറിപ്പ്
അഖിൽ, നിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എനിക്കറിയില്ലായിരിക്കാം, പക്ഷേ നിന്റെ യാത്ര ശ്രദ്ധിച്ചിട്ടുള്ള ഏതൊരാൾക്കും ഒരു കാര്യം വ്യക്തമാണ്, നീ പ്രത്യേക പരിഗണനകളോ പാരമ്പര്യത്തിന്റെ ആനുകൂല്യങ്ങളോ ലഭിച്ചിട്ടുള്ള ഒരു ചുറ്റുപാടിൽ നിന്നല്ല വരുന്നത്. അതുതന്നെയാണ് നിന്റെ കഥയെ ഇത്രയധികം ശക്തമാക്കുന്നതും.
എന്റെ ആത്മാർത്ഥമായ ആദരവിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടി പടിപടിയായി ഉയർന്ന് ഇന്നത്തെ നീ ആകുന്നതും നാളെ നീ ആകാൻ പോകുന്നതും കാണുന്നത് ആഴത്തിൽ പ്രചോദനം നൽകുന്ന ഒന്നാണ്. പുറത്തുള്ള ഒരുപാട് പേർക്ക് മാത്രമല്ല, എനിക്കും.
സുഹൃത്തുക്കളിൽ നിന്ന് ഞാൻ കേട്ടതനുസരിച്ച് നീ എല്ലായ്പ്പോഴും വളരെ ബുദ്ധിയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു, ചിന്തകളിൽ വ്യക്തതയും മൂർച്ചയുള്ള അഭിപ്രായങ്ങളുമുള്ള ഒരാൾ. കാലക്രമേണ, നിന്റെ നിലപാടുകൾ നീ അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ആ പറച്ചിലുകൾ ശരിയാണെന്ന് കൂടുതൽ ഉറപ്പിച്ചു.
വ്യക്തത എന്നത് യാദൃച്ഛികമായി ഉണ്ടാകുന്ന ഒന്നല്ല. അത് ആഴത്തിൽ ചിന്തിക്കുന്നതിലൂടെയും, സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെയും, സത്യസന്ധമായി ജീവിക്കുന്നതിലൂടെയും ഉണ്ടാകുന്നതാണ്.
നീ സോഡ വിൽക്കുന്ന, പഴക്കച്ചവടക്കാരനായി ജോലി ചെയ്യുന്ന ചിത്രങ്ങൾ... അവയെല്ലാം വളരെ ശക്തമാണ്. അവ പ്രയാസങ്ങളെക്കാളുപരി അന്തസിനെയാണ് കാണിക്കുന്നത്. വൈറ്റ് കോളർ ജോലിയുടെ അംഗീകാരത്തിനായി കൊതിക്കാത്ത ഒരു ചെറുപ്പക്കാരനെയാണ് അവ കാണിക്കുന്നത്.
നീ ജോലി ചെയ്യാൻ തയ്യാറായിരുന്നു. കഠിനാധ്വാനം ചെയ്യാൻ. സമ്പാദിക്കാൻ. അതിൽ ഒരു വ്യക്തിയെ യാഥാർത്ഥ്യബോധമുള്ളവനാക്കുന്ന എന്തോ ഒന്നുണ്ട്. സുഖസൗകര്യങ്ങൾക്ക് ഒരിക്കലും നൽകാനാവാത്ത രീതിയിൽ അത് സ്വഭാവത്തെ രൂപപ്പെടുത്തുന്നു.
ഏകദേശം ഒരു ദശാബ്ദം മുൻപാണ് ഞാൻ നിന്നെ ആദ്യമായി കാണുന്നത്, കണ്ണുകളിൽ തീക്ഷ്ണതയുള്ള, ഒരു സിനിമ സംവിധായകനാകാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനായി. ആ കൂടിക്കാഴ്ച അപ്പോൾത്തന്നെ ഫലം കണ്ടില്ലായിരിക്കാം, പക്ഷെ എന്നിൽ തങ്ങിനിന്നത് നിന്റെ ആ വിശപ്പ് ആയിരുന്നു.
പിന്നീട്, നീ ഒരു സിനിമ സംവിധായകനായപ്പോൾ ഞാൻ കണ്ടത് കർമ്മനിരതനായ ഒരു മനുഷ്യനെയാണ്. അപ്പോഴും, പശ്ചാത്തലമില്ല, പിന്തുണയില്ല, ഇച്ഛാശക്തി മാത്രം.
പിന്നീട് ബിഗ് ബോസ് മലയാളത്തിലേക്കുള്ള നിന്റെിു യാത്ര. ഞാൻ സാധാരണയായി സ്വകാര്യ സംഭാഷണങ്ങൾ പുറത്തുപറയാറില്ല, പക്ഷേ ഇത് പങ്കുവയ്ക്കേണ്ട ഒന്നാണ്. ഷോയിൽ പ്രവേശിക്കുന്നതിന് മുൻപുള്ള നിന്റെ ആശങ്ക ഞാൻ ഓർക്കുന്നു.
ഞാൻ അന്ന് നിന്നോട് പറഞ്ഞു, ഞാൻ നിന്നിലൊരു വിജയിയെ കാണുന്നു, നിനക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്ന്. നീ അകത്തേക്ക് നടന്നു. നിന്റെ കഴിവിന്റെ പരമാവധി നൽകി. നീ ഗംഭീരമായി വിജയിക്കുകയും ചെയ്തു. അത് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. നീ ഒരു രംഗത്തേക്ക് ഇറങ്ങിയാൽ, പകുതി മനസോടെയല്ല ഇറങ്ങുന്നത്.
അടുത്തിടെ, ക്രിക്കറ്റ് മൈതാനത്ത് വെച്ച് നിന്നെ കണ്ടപ്പോഴും ഇതേ കാര്യം എനിക്ക് കൂടുതൽ വ്യക്തമായി. കളിയോട് പൂർണമായും മുഴുകിനിൽക്കുന്നു. മത്സരബുദ്ധിയോടെ കളിക്കുന്നു. ഒരു ടീം പ്ലെയർ.
എപ്പോഴും തന്റെ ഏറ്റവും മികച്ചത് നൽകാൻ തയ്യാറാണ്. മത്സര ക്രിക്കറ്റിനെക്കുറിച്ച് അറിയുന്ന ഏതൊരാൾക്കും അറിയാം, കേരള സ്ട്രൈക്കേഴ്സിന്റെ ഭാഗമാകുന്നത് ഒരു ചെറിയ നേട്ടമല്ലെന്ന്. അതിന് പ്രതിബദ്ധതയും അച്ചടക്കവും ഹൃദയവും ആവശ്യമാണ്.
ഇപ്പോൾ, രാഷ്ട്രീയം !
ഈ പ്രായത്തിൽ, നിന്റെ ജീവിതത്തിലെ ഇത്രയും നിർണായകമായ ഒരു ഘട്ടത്തിൽ എടുത്ത ഈ തീരുമാനം, ഒരുപക്ഷേ നീ ഇന്നേവരെ എടുത്തതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. ഒരു ഗോഡ്ഫാദറോ, തലമുറകളുടെ രാഷ്ട്രീയ പിന്തുണയോ ഇല്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത് ധൈര്യമാണ്. വ്യക്തിപരമായ സുഖസൗകര്യങ്ങൾക്ക് പകരം പൊതുസേവനം തിരഞ്ഞെടുക്കുന്ന, സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള ഒരാളെ കാണുന്നത് ഇന്നത്തെ യുവത്വത്തിന് പ്രചോദനമാണ്.
ആശയങ്ങളോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. വ്യക്തിപരമായി, എല്ലാ രാഷ്ട്രീയ പക്ഷത്തുമുള്ളവരോടും എനിക്ക് ബഹുമാനമുണ്ട്, കാരണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, അവർ സമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചവരാണ്. കാഴ്ചക്കാരനായി നിന്ന് വിമർശിക്കാൻ എളുപ്പമാണ്. കളത്തിലിറങ്ങാനാണ് പ്രയാസം.
നീ സംസാരിച്ചു. വിഷയങ്ങളെ അഭിസംബോധന ചെയ്തു. ഇനി വരുന്നത് യഥാർത്ഥ പരീക്ഷണമാണ്, പ്രവൃത്തിയിൽ എത്തിക്കലാണ്. വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നത് എപ്പോഴും പ്രവൃത്തികളായിരിക്കും. ഒറ്റയ്ക്ക് നിന്ന് കാര്യങ്ങൾ നടപ്പിലാക്കാൻ ശരിക്കും ധൈര്യം വേണം.
വിനയാന്വിതനായിരിക്കുക. ആ ആഗ്രഹം (വിശപ്പ്) കെടാതെ സൂക്ഷിക്കുക. നീ ഇന്നുവരെ എങ്ങനെയായിരുന്നോ, ആ മനുഷ്യനായി തന്നെ തുടരുക. ഈ പുതിയ അധ്യായത്തിന് നിനക്ക് ശക്തിയും വിവേകവും ധൈര്യവും ആശംസിക്കുന്നു.
ആദരവോടെ.
Movies
തന്നെക്കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചും പ്രചരിക്കുന്ന വാർത്തകളിൽ അസ്വസ്ഥത പ്രകടപ്പിച്ച് നടി മീന സാഗർ. രണ്ടാം വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത തന്നെ ഏറെ വേദനിപ്പിച്ചെന്നും ഇതെല്ലാം കാണുമ്പോൾ ക്ഷമ നശിക്കുകയാണെന്നും അവർ പറഞ്ഞു.
‘‘ഇപ്പോള്‍ എന്നെ കുറിച്ച് ഏറ്റവും അധികമായി കേള്‍ക്കുന്ന വിവാദം എന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ, അല്ലെങ്കിൽ അങ്ങനെയൊരാളുണ്ടെങ്കിൽ അതേക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല.ഇതിപ്പോൾ വെറുതേ എന്തെങ്കിലും ഏതെങ്കിലും എഴുതുകയാണ്.
ഞാനൊരു സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോള്‍ സിംഗിളാണ് എന്നൊക്കെയുള്ള കാരണങ്ങളായതുകൊണ്ടാവാം എന്തും പറയാം എന്ന തോന്നലാണ് എഴുതുന്നവര്‍ക്ക്. എന്നെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടലും ശല്യപ്പെടുത്തലുമാണ്, എന്നാണ് എനിക്ക് എന്റെ ക്ഷമ വിടുന്നതെന്ന് അറിയില്ല. ഇപ്പോള്‍ ഞാന്‍ എല്ലാവരെയും വിട്ടുവച്ചിരിക്കുകയാണ്.
എന്റെ സമയവും ആരോഗ്യവും എനര്‍ജിയും ഒന്നും എനിക്ക് നെഗറ്റീവായ ഒരു കാര്യത്തിന് വേണ്ടി ചെലവഴിക്കാന്‍ താത്പര്യമില്ല. തെറ്റായ, മോശമായ, ആവശ്യമില്ലാത്ത ഒരു കാര്യത്തിന് വേണ്ടിയും വിലപ്പെട്ട എന്റെ നേരവും ആരോഗ്യവും ചിന്തയും കളയാന്‍ സാധിക്കില്ല.
ഞാന്‍ വളരെ പോസിറ്റീവ് ആയിട്ടുള്ള ആളാണ്. എനിക്ക് സന്തോഷത്തോടെ ഇരിക്കാനും, പോസിറ്റീവ് കാര്യങ്ങള്‍ പങ്കുവയ്ക്കാനുമൊക്കെയാണ് ഇഷ്ടം. അത്തരം കാര്യങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതാണ് ഞാന്‍ ചെയ്യുന്നത്. അങ്ങനെയാണ് ഞാന്‍ ജീവിക്കുന്നത്''. മീന പറഞ്ഞു.
Movies
ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലിറങ്ങിയ അനോമിയിലെ കഥാപാത്രം ജീവിതകാലം മുഴുവൻ തനിക്കൊപ്പമുണ്ടാകുമെന്ന് നടി ഭാവന. സാറയായുള്ള തന്റെ യാത്ര ആനന്ദകരമായിരുന്നുവെന്നും എല്ലാത്തിനും നന്ദിയെന്നും ഭാവന കുറിച്ചു.
‘‘എന്റെ പ്രിയപ്പെട്ട സാറ. നീ പ്രായോഗിക ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ് ! പ്രതിരോധശേഷിയുള്ളവളാണ് ! ശാന്തയാണ് ! നിന്നോടൊപ്പമുള്ള എന്റെ യാത്ര വളരെ ആനന്ദമുള്ളത് ആയിരുന്നു! നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും! നിന്റെ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! നന്ദി! എല്ലാത്തിനും നന്ദി.’’ഭാവനയുടെ വാക്കുകൾ.
സാറ എന്ന ഫോറന്‍സിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ചിത്രത്തിലെത്തിയത്. കൗതുകകരവുമായ പ്രമേയവുമായി എത്തിയ അനോമി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Movies
തനിക്കുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും അതേതുടർന്ന് സിനിമകളിൽ നിന്നും പിൻമാറിയതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ റാണ ദഗുബാട്ടി.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ഹൃദയസംബന്ധമായ തീവ്രചികിത്സയ്ക്കും ശേഷം ശാരീരിക രൂപത്തിലുണ്ടായ മാറ്റങ്ങൾ കാരണം കഥാപാത്രങ്ങളോട് നീതി പുലർത്താൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് സിനിമകളിൽ നിന്നും പിൻമാറിയത്.
മരണത്തെ മുഖാമുഖം കണ്ട ചികിത്സാകാലത്തിന് ശേഷം ജീവിതത്തിലേക്കും സിനിമയിലേക്കും മടങ്ങിവരാനുള്ള കഠിനശ്രമത്തിലാണ് താരം ഇപ്പോൾ.
‘‘ജീവിതം വേഗത്തിൽ മുന്നോട്ട് പോകുമ്പോൾ, പെട്ടെന്ന് ഒരു പോസ് ബട്ടൺ മുഴങ്ങി. രക്തസമ്മർദ്ദവും ഹൃദയത്തിന് ചുറ്റും കാൽസിഫിക്കേഷനും ഉണ്ടായിരുന്നു. വൃക്കകൾ തകരാറിലായി.
ഇതെല്ലാം ചേർന്ന് പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ ഉള്ള 70 ശതമാനം സാധ്യതയും മരിക്കാനുള്ള 30 ശതമാനം സാധ്യതയുമുണ്ടായിരുന്നു. എന്റെ സിനിമകളാണ് എന്നെ ഓരോന്നും അതിജീവിക്കാനും ഒരു നായകനെപ്പോലെ ഉയർന്നുവരാനും പഠിപ്പിച്ചത്. എനിക്ക് ആദ്യമായി രോഗനിർണയം നടത്തിയപ്പോൾ, അതൊരു ഞെട്ടലായിരുന്നു
നിങ്ങൾക്ക് ഒന്നും സംഭവിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നില്ല, അല്ലേ? നിങ്ങൾ സാധാരണയായി ചിന്തിക്കുന്നത് അങ്ങനെയല്ലേ. നിങ്ങളുടെ ചിന്തയിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം തന്നെ നിങ്ങളാണ്. എനിക്ക് സ്ഥാനഭ്രംശം സംഭവിക്കാമെന്ന് ഞാൻ ആദ്യമായി മനസിലാക്കിയത് അസുഖം വന്നപ്പോഴാണ്.
ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ സുഖമില്ലെങ്കിൽ എന്തു തോന്നണമെന്ന് നിങ്ങൾക്കറിയാം; എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്കറിയാം.
എന്നാൽ നിങ്ങൾക്ക് അത് സംഭവിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്കറിയില്ല. അതെ, നിങ്ങൾക്ക് ധാരാളം ആളുകളിൽ നിന്ന് സഹതാപം ലഭിക്കുന്നു, എന്താണ് സംഭവിച്ചതെന്ന് അറിയാൻ അവർ ശരിക്കും ആഗ്രഹിക്കുന്നു, കാരണം അവരും ഞെട്ടലിലാണ്.
അതിജീവനം മാത്രമായിരുന്നു അക്കാലത്ത് എന്റെ ഏക ലക്ഷ്യം. അമേരിക്കയിൽ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ഒരു വർഷം ചെലവഴിച്ച ശേഷം ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു യാഥാർത്ഥ്യത്തെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. എന്റെ ശാരീരിക രൂപത്തിൽ വലിയ മാറ്റമുണ്ടായി.
കുറെ സിനിമകൾ ഞാൻ കമ്മിറ്റ് ചെയ്തത് ചെയ്യാനുണ്ടായിരുന്നു. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമ ഉൾപ്പെടെയുള്ള പ്രോജക്റ്റുകൾ അതിലുണ്ടായിരുന്നു. പക്ഷേ, ആ കഥാപാത്രങ്ങൾക്ക് വേണ്ട രൂപമൊന്നും അപ്പോൾ എനിക്കില്ല. അതുകൊണ്ട് ഞാൻ വാങ്ങിയ അഡ്വാൻസ് തുകകളെല്ലാം തിരികെ നൽകുകയായിരുന്നു.
സ്വന്തം രൂപം തന്നെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഞാനൊരു നടനല്ലായിരുന്നുവെങ്കിൽ, ഈ സാഹചര്യത്തോട് എനിക്ക് പൊരുത്തപ്പെടാൻ കഴിയുമായിരുന്നോ എന്ന് അറിയില്ല.
സാമ്പത്തികമായും തൊഴിൽപരമായും വലിയൊരു തീരുമാനമായിരുന്നു, അത് പക്ഷേ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് പ്രായോഗികമായ ഒരു തീരുമാനമെടുക്കുകയായിരുന്നു.’’റാണാ ദഗുബാട്ടി പറഞ്ഞു.
Movies
നിവിൻ പോളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നടി മമിത ബൈജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് ഏത് ആവശ്യം വന്നാലും സംസാരിക്കാൻ പറ്റുന്നയാളാണ് നിവിനെന്നാണ് മമിത പറഞ്ഞത്. നിവിൻ തനിക്ക് മെന്ററെപ്പോലെയാണെന്നും താരം പറഞ്ഞു.
"നിവിന്‍ ചേട്ടന്റെ കൂടെ ഞാന്‍ മുൻപും വര്‍ക്ക് ചെയ്തിട്ടുണ്ട്. നല്ല ചില്ലായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എനിക്ക് നിവിന്‍ ചേട്ടനോട് എന്ത് കാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ പറ്റും. ഞങ്ങള്‍ സിനിമയെ പറ്റി സംസാരിക്കും, സുഹൃത്തുക്കളെ പറ്റി പറയും, ജീവിതത്തിലെ ഒരോ പ്രശ്ങ്ങളെ കുറിച്ചൊക്കെ സംസാരിക്കും.
എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉപദേശത്തിനായി ഞാന്‍ നിവിന്‍ ചേട്ടനെ സമീപിക്കും. അദ്ദേഹം എനിക്ക് കൂടുതലും മെന്ററിനെ പോലെയാണ്.
നിവിൻ പോളി നായകനായെത്തുന്ന ബത്ലഹേം കുടംബ യൂണിറ്റാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന മലയാള ചിത്രം. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ഫീല്‍ഗുഡ് മൂഡിലാണ് ഒരുങ്ങുന്നത്.
Movies
കല്യാണി പ്രിയദർശന്റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ലോക ചാപ്റ്റർ 1 ചന്ദ്ര. ഇതിലെ കഥാപാത്രത്തിലൂടെ ആരാധകരുടെ മനസിൽ ഒരു സൂപ്പർ ഹീറോ ഇമേജ് ഉണ്ടാക്കുകയും താരം ചെയ്തു. ഇപ്പോഴിതാ ലോകയുടെ രണ്ടാം ഭാഗത്തിലും താൻ ഉണ്ടാകുമെന്ന് സൂചന തരികയാണ് കല്യാണി.
സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് തന്റെ അറിവെന്നും രണ്ടാംഭാഗത്തിൽ താൻ ഉണ്ടാകുമെന്നും അതിനായി കാത്തിരിക്കാമെന്നുമാണ് കല്യാണി പറഞ്ഞത്.
അതേസമയം ആഗോളതലത്തിൽ 300 കോടിയിലേറെ നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ പ്രി-പ്രൊഡക്ഷൻ ആരംഭിച്ചതായാണ് വിവരം. ആദ്യ പ്രോമോയിൽ ടൊവീനോ തോമസും ദുൽഖറുമാണ് ഉണ്ടായിരുന്നത്.
ആദ്യഭാഗത്തിൽ കല്യാണിക്കൊപ്പം യുവതാരം നസ്ലിനും പ്രധാന വേഷത്തിലെത്തി. ടൊവീനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ അതിഥിതാരങ്ങളായും ചിത്രത്തിലുണ്ടായിരുന്നു.
Movies
നിർമാതാവുമായുള്ള തർക്കത്തെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ ഷംസുദ്ദീന് പിന്തുണയുമായി നടി ജയശ്രീ ശിവദാസ്. വിവാദങ്ങൾ നിങ്ങളെ കൂടുതൽ കരുത്തനാക്കട്ടെ എന്ന കുറിപ്പോടെയാണ് താരം സംവിധായകന് പിന്തുണ അറിയിച്ചത്.
ഷംസുദ്ദീൻ മാധ്യമങ്ങളോട് സംസാരിക്കുന്ന ചിത്രം തന്റെ സോഷ്യൽ മീഡിയ സ്റ്റാറ്റസായി പങ്കുവച്ചുകൊണ്ടായിരുന്നു ജയശ്രീയുടെ പിന്തുണ.
സിനിമയുടെ മാസ്റ്റർ പ്രിന്റ് കൈക്കലാക്കി വഞ്ചിച്ചുവെന്നും ഷൂട്ടിംഗ് വൈകിപ്പിച്ചത് വഴി നാല് കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ച് നിർമാണ കമ്പനിയായ സെക്കൻഡ് ഷോ പ്രൊഡക്ഷൻസ് നൽകിയ പരാതിയിലാണ് ഷംസുദ്ദീനെ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
കാക്കനാടുള്ള ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പോലീസ് സംഘം വാതിൽ തകർത്ത് അകത്തുകടന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തനിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് തന്നെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസിന് മേൽ ആരുടെയോ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്നും, സിനിമ റിലീസ് ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നുമാണ് ഷംസുദ്ദീന്റെ വിശദീകരണം.
‘രണ്ട് ദിവസം മുൻപാണ് സ്റ്റേഷനിൽ നിന്ന് എന്നെ വിളിക്കുന്നത്. ആ സമയത്ത് ഞാൻ ഒരു ഷൂട്ടിനായി പോകുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞു വന്ന് ഫ്ലാറ്റിൽ കിടന്നുറങ്ങുമ്പോഴാണ് പോലീസുകാർ ലോക്ക് പൊളിച്ച് എന്നെ അറസ്റ്റ് ചെയ്യുന്നത്. പോലീസുകാർക്ക് എന്നോട് നല്ല സമീപനമായിരുന്നു.
എന്നാൽ എനിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് തന്നെ എന്നെ അറസ്റ്റ് ചെയ്യണമെന്ന് പോലീസുകാർക്ക് മേൽ കൃത്യമായി ആരുടെയോ സമ്മർദ്ദമുണ്ടായിരുന്നു.
2025 മാർച്ച് 29-നാണ് 'അഭിലാഷം' സിനിമ റിലീസ് ചെയ്തത്. മേയ് 24-ന് ഒടിടി റിലീസും ആഗസ്റ്റിൽ സിനിമ ടിവിയിലും വന്നു. തിയേറ്റർ, ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്ക് ആവശ്യമായ എല്ലാ ഹാർഡ് ഡിസ്കുകളും ഫോർമാറ്റുകളും ഞാൻ നിർമ്മാതാവിന് കൈമാറിയിരുന്നു. സിനിമയുടെ എല്ലാ ജോലികളും കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴാണ് ഇപ്പോൾ ഇങ്ങനെയൊരു ആരോപണം വരുന്നത്.
സിനിമയുടെ മാസ്റ്റർ കോപ്പി കൈവശപ്പെടുത്തി എന്നാണ് അവർ പറയുന്നത്. അത് കൈവശം വെച്ചിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എന്റെ കൈയിൽ അങ്ങനെയൊന്നില്ല, അത് എവിടെയാണെന്ന് എനിക്കറിയില്ല. കാരണം ഹാർഡ് ഡിസ്കുകൾ സൂക്ഷിക്കേണ്ടത് നിർമ്മാതാവിന്റെ ഉത്തരവാദിത്തമാണ്.
അദ്ദേഹം നിർദ്ദേശിച്ച കാര്യങ്ങളെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. ആമസോൺ പ്രൈമിന് കൈമാറാനുള്ള ഫയലുകൾ അടക്കം ഞാൻ നൽകിയിരുന്നു, അതിന്റെ എല്ലാ രേഖകളും എന്റെ കയ്യിലുണ്ട്. എനിക്ക് ഈ സിനിമയുടെ പൂർണമായ പ്രതിഫലം ലഭിച്ചിട്ടില്ല. പത്തൊൻപതോളം സാങ്കേതിക പ്രവർത്തകർക്കും പേയ്മെന്റ് ലഭിക്കാനുണ്ട്.
എനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ പോലും ഞാൻ അതിനെതിരെ സംസാരിച്ചിരുന്നില്ല. കാരണം അഭിലാഷം എന്ന സിനിമ അറിയപ്പെടേണ്ടത് ഇത്തരം പരാതികളുടെ പേരിലാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
അത്രയും ആത്മാർത്ഥമായാണ് ഞാനീ സിനിമ ചെയ്തത്. ചിത്രീകരണത്തിന്റെ ഒന്നാം ദിവസം തന്നെ നിന്നുപോകേണ്ട സാഹചര്യം ഉണ്ടായ ഒരു സിനിമയായിരുന്നു ഇത്. അന്ന് സെറ്റിലുണ്ടായ പ്രശ്നങ്ങളിലേക്ക് ഇപ്പോൾ ഞാൻ കടക്കുന്നില്ല.
തട്ടിപ്പ് ആരോപണം വന്ന വാർത്ത പരന്നതോടെ ഞാൻ കഥ പറയാൻ പോയ നിർമ്മാതാക്കളെല്ലാം പിന്മാറി, എന്റെ പ്രോജക്റ്റുകൾ മുടങ്ങി. ഒറ്റദിവസം കൊണ്ട് എന്റെ കരിയറിനെ ഈ സംഭവം വല്ലാതെ ബാധിച്ചു. ഈ രീതിയിൽ അറിയപ്പെടാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ഇതൊരു നഷ്ടം വന്ന സിനിമയാണെന്ന് വരുത്തിത്തീർക്കാൻ അവർക്ക് ആഗ്രഹം കാണും. എന്റെ നിവൃത്തികേടുകൊണ്ടാണ് ഞാൻ ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്.’’ ഷംസുദീൻ മാധ്യമങ്ങളോട് പറഞ്ഞു.
Movies
തെലുങ്ക് സിനിമയിലെ പ്രിയ താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പുരിലാണ് വിവാഹമെന്നാണു താരങ്ങളോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. തികച്ചും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം ആസൂത്രണം ചെയ്തിരിക്കുന്നത്.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുപോകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഫോൺ ഉപയോഗിക്കുന്നതിനു നിരോധനമുണ്ടാകും.
ഫെബ്രുവരി 24ന് വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾ ആരംഭിക്കും. 26നാണ് പ്രധാന ചടങ്ങ് നടക്കുക. വളരെ കുറച്ച് ആളുകളെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളൂ. വിവാഹത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന സംഘത്തിനുപോലും നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റിൽ (എൻഡിഎ) ഒപ്പിടേണ്ടി വന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സെലിബ്രിറ്റി വിവാഹങ്ങളിൽ സാധാരണയായി കണ്ടുവരുന്ന താരപ്പകിട്ടൊന്നും ഈ ചടങ്ങിലുണ്ടാകില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അതിഥി പട്ടികയിലുള്ളത്. താരങ്ങളെയൊന്നും വിവാഹത്തിനു ക്ഷണിച്ചിട്ടില്ല എന്നാണു വിവരം. ഇവർക്കായി മാർച്ച് മൂന്നിന് ഹൈദരാബാദിൽ വിവാഹ സത്കാരം ഉണ്ടാകുമെന്നു ചില മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാര്‍ച്ച് നാലിന് ഹൈദരാബാദിലെ പ്രശസ്തമായ താജ് കൃഷ്ണ ഹോട്ടലിലാണ് ഗംഭീരമായ വിവാഹ സല്‍ക്കാരം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹ ക്ഷണക്കത്തിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
തങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് എല്ലാവരുടെയും അനുഗ്രഹവും സാന്നിധ്യവും വേണമെന്ന് വിജയ് ദേവരകൊണ്ട അയച്ച ക്ഷണക്കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അത്യാഡംബരത്തിന് പേരു കേട്ടതാണ് വിവാഹ സല്‍ക്കാര വേദിയാകുന്ന ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടല്‍. ഇവിടെ ഒരു ദിവസം താമസിക്കാന്‍ വലിയ തുക നല്‍കണം.
ഹോട്ടല്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഇവിടുത്തെ ഏറ്റവും കുറഞ്ഞ നിരക്കുള്ള മുറിക്ക് ഒരു രാത്രിക്ക് 17,650 രൂപയാണ് ചെലവുവരുന്നത്. ഇടത്തരം മുറികള്‍ക്ക് 18,000 രൂപ മുതല്‍ 25,000 രൂപ വരെയും ഡീലക്സ് മുറികള്‍ക്ക് 53,000 രൂപ മുതല്‍ 88,000 രൂപയും ഒരു ലക്ഷം രൂപയ്ക്ക് മുകളിലും നല്‍കണം. ഹോട്ടലിലെ ഏറ്റവും വിശാലവും ആഡംബരപൂര്‍ണവുമായ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് ഒരു രാത്രിക്ക് 1,14,453 രൂപയാണ് നിരക്ക്. ഇവിടത്തെ ബാല്‍ക്കണിയില്‍ നിന്ന് ഹുസൈന് സാഗര്‍ തടാകത്തിന്റെ മനോഹരമായ കാഴ്ച കാണാം. മനോഹരമായ ഒരു ഡൈനിംഗ് സ്പേസും സ്വകാര്യ സ്വിമ്മിങ് പൂളും പഠനമുറിയും ആധുനിക അടുക്കളയും ഉള്‍പ്പെടെയുള്ള രാജകീയ സൗകര്യങ്ങള്‍ ഈ സ്യൂട്ടിലുണ്ട്. ആഡംബരപൂര്‍ണമാണ് ഇന്റീരിയറുകള്‍.
ഇതിനകം തന്നെ രണ്ട് പ്രീ-വെഡിംഗ് ചടങ്ങുകൾ വെവ്വേറെ നടന്നു കഴിഞ്ഞു. രശ്മികയുടെ വീട്ടിൽ ബന്ധുക്കൾക്കായി ഒരു ചടങ്ങും വിജയ് ദേവരകൊണ്ടയുടെ കുടുംബം സംഘടിപ്പിച്ച മറ്റൊരു ചടങ്ങുമാണ് നടന്നത്. വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും എല്ലാവരുടെയും അനുഗ്രഹം മാത്രം മതിയെന്നും കാണിച്ച് വിജയും രശ്മികയും സ്വന്തം കൈപ്പടയിൽ സുഹൃത്തുക്കൾക്ക് കുറിപ്പുകൾ അയച്ചിട്ടുണ്ട്.
വിവാഹത്തിനുശേഷം ഒരു മാസത്തെ ഇടവേള എടുക്കാനാണ് താരങ്ങളുടെ തീരുമാനമെന്നാണു സൂചന. തിരക്കേറിയ സിനിമാ ഷെഡ്യൂളുകളിൽ നിന്നുമാറി തങ്ങൾക്കായി സമയം ചെലവഴിക്കാനാണ് ഇരുവരും ആഗ്രഹിക്കുന്നത്.
ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയം തീർത്ത വിജയും രശ്മികയും ജീവിതത്തിലും ഒന്നിക്കണമെന്നത് ആരാധകരുടെ വലിയ ആഗ്രഹമായിരുന്നു.
തങ്ങളുടെ പ്രണയത്തെക്കുറിച്ച് പലപ്പോഴും ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. തെലുങ്ക് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
Movies
സൈബർ ആക്രമണ പരാതിയിൽ തന്നെ പിന്തുണച്ചവർക്കു നന്ദി പറഞ്ഞ് നടി രേഖ രതീഷ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയി നേരിട്ടു പരാതി നൽകിയെന്നും തന്റെ അവസാന പ്രതീക്ഷയാണ് അദ്ദേഹമെന്നും രേഖ പറയുന്നു.
ഇൻസ്റ്റയിലൂടെയല്ല ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതെന്ന് അറിയാമെന്നും എന്നാൽ അപ്പോഴത്തെ തകർന്ന അവസ്ഥയിൽ അത്തരമൊരു വീഡിയോ ചെയ്തതാണെന്നും നടി പറഞ്ഞു. എല്ലാ യുട്യൂബേഴ്സിനെയും താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അവർ പറഞ്ഞു.
''എന്നെ സപ്പോർട്ട് ചെയ്ത എല്ലാ മനുഷ്യർക്കും ഒരായിരം നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു. ഇത്രയും പേർ എനിക്ക് വേണ്ടി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ഒരുപാട് സന്തോഷം തോന്നി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനും പ്രദീപ് സാറിനും ശശി സാറിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇന്നലെ മൂന്ന് മണിക്ക് ഞാൻ സിഎം ഓഫിസിൽ ചെന്നു. എന്റെ പരാതികൾ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ പ്രിയപ്പെട്ട യുട്യൂബേഴ്സ്. ഞാൻ എല്ലാ യുട്യൂബേഴ്സെന്നും പറഞ്ഞിട്ടില്ല. ഒരുകൂട്ടം യുട്യൂബേഴ്സ് എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ ചിലപ്പോൾ എന്നെ അങ്ങനെയാകാം പറയിപ്പിക്കാൻ പ്രേരിപ്പിച്ചത്.
അതാരെയെങ്കിലും നോവിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു.മനഃപൂർവം ചെയ്തതല്ല ആ വിഡിയോ. ആ നിമിഷം ആരോടെങ്കിലും പറഞ്ഞാൽ അമ്മയ്ക്ക് ആ പ്രഷർ മാറുമെന്ന് മകൻ പറഞ്ഞപ്പോൾ, എനിക്ക് ആരും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് എന്റെ മുന്നിൽ വന്ന മുഖം മുഖ്യമന്ത്രിയുടേത് ആയിരുന്നു. അതെന്റെ അവസാന ഹോപ്പ് ആയിരുന്നു. അങ്ങനെയാണ് ഞാനത് ട്രൈ ചെയ്തത്.
ഇൻസ്റ്റ മുഖേനയാണോ ഇതൊക്കെ അറിയിക്കേണ്ടതെന്ന് പലരും ചോദിച്ചു. അങ്ങനെ അല്ലെന്ന് എനിക്കറിയാം, വർഷങ്ങളോളം കമ്മിഷണർ ഓഫിസും പോലീസ് സ്റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും നേട്ടം ഉണ്ടായിട്ടില്ല. ഇതെല്ലാം തള്ളിക്കളഞ്ഞ് ഞാൻ എന്റെ മകനുമായി ജീവിച്ച് പൊയ്ക്കോണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി എനിക്ക് താങ്ങാവുന്നതിനും അപ്പുറമായി കാര്യങ്ങൾ. എനിക്കെതിരെ വിത്തുകൾ പാകിയ ചില യൂട്യൂബ് ചാനലുകളുണ്ട്. 14 വർഷം മുൻപ് ആത്മഹത്യയിലേക്ക് എന്നെ എത്തിച്ചതാണ് വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ഒരു ചാനലിലെ രണ്ട് പെൺകുട്ടികൾ വന്നിരുന്ന് പറയുന്ന കാര്യങ്ങളും വാക്കുകളും നിങ്ങള്‍ കണ്ടുനോക്കൂ. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്. ഞാനും മകനും വളരെയധികം വേദനിച്ച വീഡിയോ ആയിരുന്നു അത്.
അതുപോലെ കക്കിരി എന്ന ചാനൽ, ബ്രദറേ.. ഞാന്‍ നിങ്ങളോട് എന്ത് ചെയ്തിട്ടാ? നിങ്ങൾ എന്തിനാണ് അങ്ങനെയൊരു വിഡിയോ ചെയ്തത്. എന്റെ മകൻ ഇൻസ്റ്റയിൽ കണ്ടിട്ട് എന്നോട് ചോദിക്കുകയാണ്, ‘അമ്മാ സാരി മാറ്റുന്നത് പോലെയെന്ന് പറഞ്ഞാൽ എന്താണെന്ന്’. ആ കുഞ്ഞിനോട് ഞാന്‍ എന്ത് പറഞ്ഞ് കൊടുക്കണം.
ബ്രദറേ നിങ്ങൾ പറ്റുമെങ്കിൽ, എന്റെ മകനോട് നിങ്ങളൊന്ന് പറഞ്ഞു കൊടുക്കൂ. ദൈവത്തെ ഓർത്ത് ഒരു നന്മയും ഞങ്ങൾക്ക് ചെയ്യണ്ട. പക്ഷേ പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ. ഞാനും എന്റെ മകനും ഈ കൊച്ചു കേരളത്തില്‍ ജീവിച്ച് പൊയ്ക്കോട്ടേ. ദൈവത്തെ ഓര്‍ത്ത് ഉപദ്രവിക്കാന്‍ വരരുത്.
എന്നെ പിന്തുണച്ചവർക്ക് നന്ദി. അവരോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഒരുപാട് നന്ദി. എന്റെ സഹപ്രവര്‍ത്തകരെയും ക്രൂരമായി ക്രൂശിക്കുന്ന തമ്പ് നെയിലുകള്‍ ഇട്ട് ഞങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങളും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ തന്നെയാണ്. അന്നന്നുള്ള വരുമാനത്തില്‍ ജീവിച്ച് പോകുന്നവരാണ്. ഞങ്ങളെ തകര്‍ക്കാനോ മനസിക സമ്മര്‍ദ്ദത്തിലാക്കാനോ ശ്രമിക്കരുത്. ഇതൊരു അഭ്യർഥനയാണ്.’’രേഖ രതീഷിന്റെ വാക്കുകൾ.
Movies
ദ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും കേരളത്തെ അപമാനിക്കാനുമാണ് ഇത്തരം സിനിമകൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബീഫ് എന്ന പേരുള്ള സിനിമയ്ക്ക് ചലച്ചിത്ര മേളയിൽ പ്രദർശനാനുമതി നിഷേധിക്കുന്നവർ സമൂഹത്തിൽ വിഷം പടർത്തുന്ന ഇത്തരം സിനിമകൾക്ക് എങ്ങനെ അനുമതി നൽകുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
സിനിമയുടെ ആദ്യ ഭാഗം തന്നെ നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച് വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്.
കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ദ റിയൽ കേരള സ്റ്റോറി വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Movies
സർവ്വം മായയിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ റിയ ഷിബുവിന് അഭിനന്ദനവുമായി സൂര്യയും ജ്യോതികയും. ചിത്രത്തിലെ റിയയുടെ അഭിനയത്തെ പ്രത്യേകം പ്രശംസിച്ചാണ് താരദമ്പതികൾ സമ്മാനം അയച്ചത്. ഇതിന്റെ സന്തോഷം റിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
സൂര്യയെയും ജ്യോതികയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു റിയയുടെ പോസ്റ്റ്. റിയയെ കൂടാതെ സിനിമയുടെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി.
‘ശരിക്കും സന്തോഷം കൊണ്ട് എനിക്ക് ആകാശം മുട്ടെ പറക്കാൻ തോന്നുന്നു! സൂര്യ സർ, ജ്യോതിക മാം, ഒത്തിരി നന്ദി. എന്റെ പ്രകടനത്തിലുള്ള അഭിനന്ദനമായി ഈ സമ്മാനം അയച്ചുതരാൻ നിങ്ങൾ കാണിച്ച ആ മനസിനും സമയത്തിനും വലിയ വിലയുണ്ട്. സർവം മായ ടീമിന് മുഴുവനായും ലഭിച്ച അംഗീകാരമായി ഞാൻ ഇത് സ്വീകരിക്കുന്നു.’’ റിയ കുറിച്ചു.
‘സർവം മായ’ എന്ന ചിത്രത്തിൽ ഡെലുലു എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിച്ചത്.
Movies
നടൻ അല്ലു അർജുനെതിരെ ആരോപിച്ച 42 നിയമങ്ങൾ എന്ന വിവാദപ്രസ്താവനയിൽ മാപ്പ് ചോദിച്ച് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും മാധ്യമപ്രവർത്തകയുമായ കാവേരി ബറുവയും അഭിമുഖം നടത്തിയ പോഡ്കാസ്റ്ററും.
താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്നും യാതൊരു രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ല അത് പറഞ്ഞതെന്നും കാവേരി വ്യക്തമാക്കി. സ്വീകൃതി ടോക്സ് എന്ന പോഡ്കാസ്റ്റിലൂടെയായിരുന്നു കാവേരിയുടെ വിവാദ വെളിപ്പെടുത്തൽ. അല്ലു അർജുനെ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ടീം 42 നിർദ്ദേശങ്ങളടങ്ങിയ ഒരു ലിസ്റ്റ് നൽകിയെന്നായിരുന്നു കാവേരി പറഞ്ഞിരുന്നത്.
അല്ലു അർജുനെ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ടീം 42 നിർദ്ദേശങ്ങളടങ്ങിയ ഒരു ലിസ്റ്റ് നൽകിയെന്നായിരുന്നു കാവേരി പറഞ്ഞിരുന്നത്. ‘അല്ലു അർജുന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്, ഫോൺ ഉപയോഗിക്കരുത്’ തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടെന്നും തന്റെ ഫോൺ ബോഡിഗാർഡ് പിടിച്ചുവാങ്ങിയെന്നും അവർ ആരോപിച്ചിരുന്നു.
Movies
നവാഗതനനായ ജിത്തു സതീശൻ തിരക്കഥയെഴുതി സംവിധാനം സംഭവം അധ്യായം ഒന്ന് എന്ന സിനിമ മാർച്ച് ആറിന് തിയറ്ററുകളിലെത്തും. അസ്കര്‍ അലി, വിനീത് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാടിന്റെ പശ്ചാത്തലത്തിൽ മിസ്റ്ററി ഫാന്റസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
അസ്കര്‍ അലി, വിനീത് കുമാർ എന്നിവര്‍ക്ക് പുറമേ സിദ്ധാർഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസിം ജമാൽ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്ന റഷീദ്, ചായഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ എന്നിവരാണ്.
പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തീയറ്ററുകളിൽ എത്തും. പിആര്‍ഒ വാഴൂർ ജോസ്.
Movies
രൂക്ഷമായ സൈബർ ആക്രമണത്തിന് പിന്നാലെ മുഖ്യമന്ത്രിയോട് സഹായം അഭ്യർഥിച്ച് സീരിയൽ നടി രേഖ രതീഷ്. ഒരു കൂട്ടം യുട്യൂബേഴ്സ് കാരണം താൻ മാനസിക സമ്മർദത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ഇവർ ആയിരിക്കുമെന്നും രേഖ പറയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാറിന്, എന്റെ പേര് രേഖ രതീഷ്. ഞാൻ മലയാളം സീരിയൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു മകൻ എനിക്കുണ്ട്. കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ്.
മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്.
ഇത്രയും മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞ് പോവുന്നുണ്ട്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ.
എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മർദം കാരണം ജീവിക്കാൻ പറ്റുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വീഡിയോ. ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ഇവിടെ അവസാനിക്കണം.
എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവർ. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാര്ക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുത്. സർക്കാർ ഇതിൽ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം’’. രേഖ വീഡിയോയില്‍ പറയുന്നു.
Movies
തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനായി പോകുന്നതിനിടയിൽ സംഭവിച്ച രസകരമായ കാര്യം വെളിപ്പെടുത്തി നടി കീർത്തി സുരേഷ്.
പുരസ്കാരം മേടിക്കാനായി ചുവന്ന സാരിയുടത്ത് അതിസുന്ദരിയായി ഇറങ്ങി കാറിലേയ്ക്ക് കയറാൻ പോകുമ്പോഴാണ് രസകരമായ ഈ കാര്യം നടന്നത്. ഒരുങ്ങിയിറങ്ങിയ താരത്തെ കണ്ട് ഒരു ആരാധകൻ കമന്റ് ചെയ്തതാണ് താരം വീഡിയോയിൽ പങ്കുവച്ചത്.
‘നല്ല ഭംഗിയുള്ള പൂവാണല്ലോ’എന്നായിരുന്നു ആരാധകന്റെ അഭിനന്ദനം. ഇത് കേട്ടതും കീർത്തിക്ക് പരിഭവം അടക്കാനായില്ല. ‘എടാ പാപി, ഇത്രേം ഒരുങ്ങി വന്നപ്പോ പൂ കൊള്ളാമെന്നോ? എന്റെ ലുക്ക് എങ്ങനെയുണ്ടെന്ന് പറയെടാ!’ എന്നായി കീർത്തിയുടെ മറുപടി.
താരത്തിന്റെ ചിരിയും മറുപടിയും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പട്ടുസാരിയിലുള്ള കീർത്തിയുടെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ തരംഗമായിക്കഴിഞ്ഞു.
Movies
സർക്കാരിനെതിരെയുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ നടൻ പ്രേംകുമാറിന്റെ പിന്തുണച്ച് സംവിധായകൻ വിനയൻ. ഒരു വാക്കു പോലും പറയാതെ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കിയത് ശുദ്ധ നെറികേടായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിലപാടിൽ സത്യവും വസ്തുതയും ഉണ്ടെന്നും വിനയൻ കുറിച്ചു.
അതേസമയം പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
''നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു.
തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്. അല്ലങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽ അവൻ വഴക്കുണ്ടാക്കും.
പക്ഷേ, പ്രേംകുമാറിന് കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത്.
"ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ... നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ... പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല,’’ എന്നാണ് അന്നു പ്രേംകുമാർ പറഞ്ഞത്. അതിൽ എല്ലാമുണ്ട്.
ഇതിഹാസങ്ങളേം കോട്ടിട്ട പൗരപ്രമുഖരേം മാത്രമല്ല കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണം.
അതാണു ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്. മലയാള സിനിമാ സംഘടനകൾ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടൻ പ്രേം കുമാറിനെ സപ്പോർട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓർത്തു പോകുന്നു''. വിനയൻ കുറിച്ചു.
ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ ഇക്കഴിഞ്ഞദിവസങ്ങളിൽ പ്രേംകുമാർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
കേരള സാഹിത്യഅക്കാദമി ചെയർമാനായ കവി സച്ചിദാനന്ദൻ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടും അദ്ദേഹത്തിന്റെ ചെയർമാൻ സ്ഥാനത്തിന് ഇതുവരെ ഇളക്കം തട്ടിയില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രേംകുമാറിന്റെ പ്രസ്താവന.
പ്രേംകുമാറിന്റെ വാക്കുകൾ: ‘‘സിനിമാ അവാർഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും ഞാൻ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാൻ അവസരം നൽകാതെ പുറത്താക്കുന്നു.
ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും സാംസ്കാരികപ്രവർത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു.
ഒരവസരത്തിൽ സാംസ്കാരിക മന്ത്രി പോലും അക്കാദമി ചെയർമാനെന്ന നിലയിൽ 'പ്രേംകുമാറിന്റെ പ്രവർത്തനം ഏറ്റവും മികച്ചതാണെന്ന്' പരസ്യമായി പ്രകീർത്തിക്കുകയുണ്ടായി. ആ എന്റെ പ്രവർത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീർത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസാരമായാണ് അലിഞ്ഞില്ലാതായത്.
ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാർത്ഥതയോടും അർപ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എന്റെ കർമനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാൻ സന്ദേഹിയായി.
മാസങ്ങൾക്കുമുമ്പ്- മനുഷ്യസ്നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിൻറെ മുന്നോടിയായി നടന്ന ആലോചനായോഗത്തിൽ 'ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുമ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ തെരുവിൽ നിരാഹാര സമരം ചെയ്യുന്ന 'ആശാവർക്കർമാരായ സഹോദരിമാരെയും' നാം ഓർക്കേണ്ടതല്ലേയെന്ന' തീർത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് - ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ് - എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു.
ചെയർമാൻ സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറിൽ കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല.’’
Movies
അവയവദാനം നടത്തിയ പൊന്നോമന ആലിൻ ഷെറിന് വേണ്ടി കുറിപ്പുമായി മോഹൻലാൽ. ആലിൻ മോൾ ഇനിയും കോടിക്കണക്കിന് ആളുകളുടെയുള്ളിൽ ജീവിക്കുമെന്നാണ് മോഹൻലാൽ കുറിപ്പിൽ പറയുന്നത്.
''തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്.
ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്.
ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും''. മോഹൻലാൽ കുറിച്ചു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
Movies
വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും ഇട്ട് ഒരു സാധാരണക്കാരന്റെ വേഷം. മനസിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം.
പ്രേക്ഷകർ നെഞ്ചോടു ചേർത്ത ജോർജുകുട്ടിയുടെ പുതിയ ലുക്കോടെ ദൃശ്യം -3യുടെ പുതിയ പോസ്റ്റർ എത്തി.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു. പിആർഒ-വാഴൂർ ജോസ്.
Movies
നീതിയും നിയമവും മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസുകളും ഉണ്ട്. കുടംബ ജീവിതത്തിൽത്തുടങ്ങി പല മേഖലകളിലേക്കും കേസുകൾ കടന്നു വരുന്നു.
അതിന്റെ പിന്നാലെയുള്ള കടമ്പകൾ കോടതികളുടെപശ്ചാത്തലത്തിലൂടെ ഗ്രാമീണ ജീവിതവും ചേർത്ത് തികഞ്ഞ സറ്റയറിലൂടെഅവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.
Movies
തന്റെ ജീവിതത്തിലുണ്ടായ വ്യക്തിപരമായ തകർച്ചകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹൻദാസ്. മലയാളത്തിലെ പ്രമുഖനായ ഒരു നടൻ തന്നെ ഡേറ്റിംഗിനു ക്ഷണിച്ചതിനെക്കുറിച്ചും എന്നാൽ പിന്നീട് ആ നടന്റെ വിവാഹനിശ്ചയം ഒരു മാസം മുൻപേ കഴിഞ്ഞതായിരുന്നു എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും മംമ്ത പറഞ്ഞു.
ഒരു പരസ്യ പ്രമോഷനായി നടി സുഹാസിനി നടത്തിയ അഭിമുഖത്തിലാണ് മംമ്ത തന്റെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചത്.
''രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒരു പെണ്‍കുട്ടി എന്ന നിലയിലുള്ള എന്റെ പ്രതീക്ഷകള്‍ എല്ലാം പൂര്‍ത്തിയാക്കേണ്ട തിരക്കിലായിരുന്നു ഞാന്‍. പക്ഷേ റിലേഷന്‍ഷിപ്പിനെ കുറിച്ച് എനിക്കറിയില്ല, മുന്‍ പരിചയങ്ങളുമുണ്ടായിരുന്നില്ല. മലയാളത്തിലെ ഒരു നടന് എന്നെ ഡേറ്റിംഗിന് ക്ഷണിച്ചു, ഞാന്‍ അമ്മയോട് അതിന് അനുവാദവും വാങ്ങി.
അതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, ആ നടന്റെ വിവാഹ നിശ്ചയം ഒരു മാസം മുന്‍പ് നടന്നതാണ് എന്ന്. എനിക്കത് വലിയ ഷോക്കിംഗ് ആയിരുന്നു. പിന്നീടൊരു റിലേഷന്ഷിപ് ഉണ്ടായി, അത് എന്റെ സമയം പാഴാക്കുന്ന ഒരു ബന്ധമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
മുന്‍ ഭര്‍ത്താവ് പ്രജിത്തിനെ ഞാന്‍ കണ്ടുമുട്ടിയത്, അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ്. സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായിരുന്നു. എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്തുകൂടാ, എന്റെ ഇരട്ട സഹോദരിയുടെ വിവാഹം കഴിഞ്ഞു ഇനി എന്റേതാണ് എന്ന് പ്രജിത്ത് പറഞ്ഞു.
ഓക്കെ അച്ഛനോട് സംസാരിക്കൂ എന്ന് ഞാനും പറഞ്ഞു. അത്രയും സിംപിളായിരുന്നു ആ തീരുമാനം. വിവാഹം എന്നത് ജീവിത കാലം മുഴുവന്‍ ഉള്ള കമ്മിറ്റ്മെന്റ് എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ കല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കേണ്ടി വന്നു.
അത്ര എളുപ്പമായ ഒരു തീരുമാനമായിരുന്നില്ല അത്. കല്യാണത്തിന്റെ തീരുമാനത്തില്‍ എനിക്കായിരുന്നു നിര്‍ബന്ധം, ‘മംമ്ത ശരിക്കും നീ ആലോച്ചിട്ടാണോ?’ എന്ന് അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. കാരണം അവര്‍ ബഹ്റൈനിലെ വലിയൊരു ബിസിനസ് കുടുംബമാണ്.
ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ശരീരവും ആരോഗ്യവുമായി പോരാടുകയാണ്, എനിക്കൊരു കംപാനിയന് വേണം എന്ന് വാശിപിടിച്ചത് ഞാനാണ്.
വിവാഹബന്ധമെന്നാൽ നമ്മളതിൽ വർക്ക് ചെയ്യണം. ആരെയാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തിൽ നമ്മൾ വർക്ക് ചെയ്യണം. എന്റെ ഡിവോഴ്സ് കഴിഞ്ഞയുടനെ ഞാൻ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. പിന്നീടാണ് അത് റീബൗണ്ട്സ് ആണെന്ന് ഞാൻ മനസിലാക്കിയത്. അത് നമ്മൾക്ക് വലിയ ദോഷം ചെയ്യും.’’ മംമ്ത മോഹൻദാസ് പറയുന്നു.
Movies
അനശ്വര രാജനെ അഭിനന്ദിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുതിയ ചിത്രമായ വിത്ത് ലവ് കണ്ടതിന് ശേഷമാണ് അനശ്വരയെ അഭിനന്ദിച്ച് രജനികാന്ത് എത്തിയത്.
അനശ്വര തന്നെയാണ് ചിത്രങ്ങൾക്കൊപ്പം ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. രജനികാന്തിന്റെ മകൾ സൗന്ദര്യയാണ് വിത്ത് ലൗ നിർമിച്ചത്. സംവിധായകൻ അബിഷൻ ജീവിന്ത് ആദ്യമായി നായകനായെത്തുന്ന ചിത്രം കൂടിയാണിത്.
ഏറെ സ്നേഹത്തോടെ തലൈവർ വിത്ത് ലവ് കാണാനെത്തി. എന്നെ കണ്ടപ്പോൾ ഇത്രയും കാലം നീ എവിടെയായിരുന്നു? എന്ന് അദ്ദേഹം ചോദിച്ചു. എന്റെ സ്വപ്നങ്ങളെല്ലാം പൂർണതയിലെത്തിയതുപോലെ തോന്നി എനിക്ക്. അനശ്വര രാജൻ കുറിച്ചു.
വാത്സല്യത്തോടെ രജനീകാന്ത് തന്നെ ചേർത്തുപിടിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് കുറിപ്പിനൊപ്പം അനശ്വര പോസ്റ്റ് ചെയ്തത്.
Movies
വാഹനപകടത്തിന് പിന്നാലെ തന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവത്തെക്കുറിച്ച് നടൻ മണിയൻപിള്ള രാജു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തന്റെ പേഴ്സും കാർഡും നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് രാജു പറഞ്ഞത്.
എല്ലാം നഷ്ടപ്പെട്ടെന്നു വിചാരിച്ചിരുന്നപ്പോഴാണ് സാബു എന്ന ഓട്ടോക്കാരൻ ദൈവത്തിന്റെ രൂപത്തില്‍ കളഞ്ഞുകിട്ടിയ തന്റെ പഴ്സുമായി എത്തിയതെന്ന് അദ്ദേഹം പറയുന്നു.
‘‘നമസ്ക്കാരം ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാൻ തോന്നി. കഴിഞ്ഞ ദിവസം എന്റെ പഴ്സ് കളഞ്ഞു പോയി.. അതിൽ കുറച്ച് പൈസയും പൈസയേത്താൾ വിലയുള്ള കാർഡ് കളും ഉണ്ടായിരുന്നു.
എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോക്കാരന്റെ രൂപത്തിൽ വന്നത്. എന്റെ പഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്.. എന്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് വീട്ടിൽ കൊണ്ട് വന്ന് തരുകയായിരുന്നു. വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്..
അവരുടെ ഈ നന്മയ്ക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.’’സാബുവിന്റെയും ഉഷയുടെയും ഒപ്പമുള്ള സെൽഫിക്കൊപ്പം മണിയൻപിള്ള കുറിച്ചു.
‘നന്ദി മാത്രമേ ഉള്ളോ?’ എന്നൊരു വിമർശക കമന്റിന് മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള മറുപടി നൽകിയതും ശ്രദ്ധേയമായി. ‘ബാക്കി എന്തു ചെയ്തു എന്നുള്ളത്, പോസ്റ്റില്‍ ഇടേണ്ട കാര്യമുണ്ടോ?’ എന്നായിരുന്നു നിരഞ്ജിന്റെ മറുപടി.
Movies
പുതിയ ചിത്രമായ സ്വയംഭൂവിന്റെ ടീസർ ലോഞ്ച് ചടങ്ങിൽ നടി സംയുക്ത മേനോനായിരുന്നു ശ്രദ്ധാകേന്ദ്രം. അതേസമയം താരത്തിന്റെ വലതുകൈയിലെ ഒരു ചുവന്ന പാടും ഇപ്പോൾ ആരാധകർ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടെ സംഭവിച്ച ചെറിയ ചതവോ അല്ലെങ്കിൽ ചർമ്മത്തിലുണ്ടായ അലർജിയോ ആകാം ഇതെന്നാണ് ആരാധകർ പറയുന്നത്.
ഏതായാലും താരത്തിന്റെ കൈയിലെ ഈ പാട് തെല്ലൊന്നുമല്ല ആരാധകരെ നിരാശരാക്കുന്നത്.
Movies
നടി മഞ്ജു വാര്യരുടെ കഴുത്തിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മഞ്ജു ആരാധകർക്കിടയിലെ ചർച്ച. എങ്ങനെയാണ് താരത്തിന്റെ കഴുത്തിൽ ആ പാച്ച് വന്നതെന്നായിരുന്നു ആരാധകരെ ആശങ്കപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഭാവന നായികയായ അനോമി എന്ന സിനിമയുടെ പ്രദർശനം കാണാൻ എത്തിയ മഞ്ജുവിന്റെ വീഡിയോ വൈറലായതോടെയാണ് ചർച്ചകൾ തുടങ്ങിയത്.
താരത്തിന്റെ കഴുത്തിൽ ഒട്ടിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള പാച്ച് കണ്ടതോടെ താരം എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയായതാണോ എന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നിരുന്നു. എന്നാൽ ഇത് ശസ്ത്രക്രിയയുടെ അടയാളമല്ല. മോഷൻ സിക്ക്നെസ് പാച്ച് ആണ്.
യാത്രയ്ക്കിടയിൽ അനുഭവപ്പെടുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ ഒഴിവാക്കാനാണ് മോഷൻ സിക്ക്നെസ് പാച്ചുകൾ ഉപയോഗിക്കുന്നത്.
സാധാരണയായി ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇവ ഒട്ടിക്കാറുള്ളത്. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിച്ച് തലകറക്കം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
Movies
നടന് ബിജു മേനോനെതിരെ ഗുരുതര ആരോപണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്. കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനുകളില്‍ ബിജു മേനോൻ പങ്കെടുക്കുന്നില്ലെന്നും നിര്‍മാതാവിനു നഷ്ടമായത് 25 ലക്ഷം രൂപയാണെന്നും അദ്ദേഹം ഫെഫ്കയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
''മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടന് പ്രമോഷനു ചെല്ലാത്തതുകൊണ്ട് ഒരു നിര്‍മാതാവിന്, അദ്ദേഹം സംവിധായകന് കൂടെയാണ്. ഞങ്ങളുടെ മെമ്പറുമാണ്, 25 ലക്ഷം രൂപയാണ് ചാനലില്‍നിന്നു കിട്ടുന്നതില്‍നിന്നു കുറഞ്ഞത്.
ചെറിയൊരു തുകയാണോ അത്? അതേ നടന് ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാന്‍ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്കു പേര് പറയാനൊന്നും മടിയില്ല.
അദ്ദേഹം പോയിട്ടില്ല. പ്രമോഷന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറിലുള്ളതല്ലേ. ഞാന്‍ പറയുന്നത് ഞങ്ങളോടു വേതന വ്യവസ്ഥയില്‍ തര്‍ക്കിക്കുന്നതിന്റെ പത്ത് ശതമാനം കാര്‍ക്കശ്യം അവിടെ കാണിക്കൂയെന്നാണ്.
സിനിമ പ്രമോട്ട് ചെയ്യാനുള്ള ബാധ്യത തനിക്കാണെന്നു കരാറില്‍ ഒപ്പിടുക. എന്നിട്ട് പോകാതിരിക്കുക. അതിന്റെ മുകളില്‍ ആ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടം വരിക. ഇപ്പോള്‍ വന്ന സിനിമയിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കറക്ട് ചെയ്യണം.
സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണെന്ന് ബി. ഉണ്ണികൃഷ്ണൻ വിമർശിച്ചു. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരും. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാം അഭിനേതാക്കളും കരാറിന്റെ ഭാഗം ആകണമെന്നും അദ്ദേഹം പറഞ്ഞു.
നിർമാതാവ് - സംവിധായകൻ - പ്രൊഡക്ഷൻ കൺട്രോളർ - നടീനടമാർ എന്നിവർ ചേർന്നുള്ള പുതിയ കരാർ ഉടൻ വരും. സമയബന്ധിതമായി ഷൂട്ടിംഗ് പൂർത്തിയാകുകയാണ് ലക്ഷ്യം. ഷൂട്ടിംഗ് നീണ്ടുപോകാൻ കാരണം അഭിനേതാക്കളാണ്. പത്ത് ശതമാനം പോലും ടെക്നീഷ്യന്മാരുടെ പ്രശ്നമില്ല.പതിനാറ് മണിക്കൂർ ഷൂട്ടിംഗ് കാൾ ഷീറ്റ് എന്നത് 12 മണിക്കൂർ ആക്കി. അധികസമയത്തിന് ഓവർടൈം അനുവദിക്കും. വേതന വ്യവസ്ഥയിൽ തീരുമാനം പിന്നീടുണ്ടാകും. ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
Movies
ആരോഗ്യവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി നടനും അഭിഭാഷകനുമായ സി. ഷുക്കൂർ.
രക്തസമ്മർദവുമായി ബന്ധപ്പെട്ടുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ചികിത്സ തേടിയതെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഷുക്കൂർ വക്കീൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കഴിഞ്ഞദിവസം സഹോദരൻ മുനീർ അൽവഫയാണ് ഷുക്കൂറിനെ സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയിച്ചത്.
സി. ഷുക്കൂർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
എല്ലാവർക്കും സുഖമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്നെ സംബന്ധിച്ചും ഞാനുമായി ബന്ധപ്പെടുത്തിയും വിവിധ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ യഥാർഥ വസ്തുതകൾ ചുരുക്കമായി അറിയിക്കുന്നു. 2026 ജനുവരി 26 മുതൽ എനിക്ക് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.
കാസർഗോഡ് മിംസ് ആശുപത്രിയിൽ ചികിത്സ തേടുകയും അവിടുത്തെ ഡോക്ടർമാരുടെ നിർദേശങ്ങളും ചികിത്സയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇനി ഏകദേശം 30 ദിവസം പൂർണ വിശ്രമം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ആരോഗ്യപരമായ കാര്യങ്ങളിലേക്കാണ് മുഴുവൻ ശ്രദ്ധയും. എല്ലാവരുടെയും സഹകരണത്തിനും ആശ്വാസവാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.
ജനുവരി 26-ന് പെട്ടെന്നുണ്ടായ സ്ട്രോക്കിനെത്തുടർന്ന് കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നായിരുന്നു മുനീർ അൽവഫ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ അറിയിച്ചത്.
പെട്ടെന്നുതന്നെ ചികിത്സ ലഭ്യമായതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി. സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ടെങ്കിലും ഇടതുഭാഗത്ത് ചെറിയ ബുദ്ധിമുട്ടുണ്ടെന്നും മുനീർ പറഞ്ഞിരുന്നു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ.
Movies
ബ്രഹ്മാണ്ഡചിത്രം വാരണാസിയെക്കുറിച്ചും തന്റെ മറ്റു സിനിമകളെക്കുറിച്ചും മനസ് തുറന്ന് സംവിധാകൻ എസ്.എസ്. രാജമൗലി. തന്റെ എല്ലാ സിനിമകളും ശ്രീരാമനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് രാജമൗലി പറയുന്നത്.
രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാരാണസി ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
'എന്റെ എല്ലാ സിനിമകളും ഭഗവാൻ രാമന്റെ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഈ സിനിമയിൽ, രാമായണത്തിൽ നിന്നുള്ള ഒരു യഥാർത്ഥ എപ്പിസോഡ് എടുത്ത് അവതരിപ്പിക്കാൻ എനിക്ക് അവസരമുണ്ട്.
രാമന്റെ മുഴുവൻ കഥയും നിങ്ങൾക്ക് മനസിലായേക്കില്ല, പക്ഷേ അതിന് വേണ്ടി പുരാണ കഥ പഠിക്കേണ്ട ആവശ്യമില്ല. കഥാപാത്രങ്ങളുടെ വികാരങ്ങൾ നിങ്ങൾ മനസിലാക്കിയാൽ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാകും. രാമന്റെയും ദശരഥന്റെയും ബന്ധത്തെ പോലെ തന്നെ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് വാരാണസി'. രാജമൗലി പറഞ്ഞു.
Movies
നടൻ ആസിഫ് അലിയുടെ ജന്മദിനത്തിൽ ഭാര്യ സമയുടെ മാതാവ് മുംതാസ് ആസാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ലെന്നും തന്റെ മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്തുപിടിക്കുന്നവനാണ് ആസിഫ് എന്നുമാണ് മുംതാസ് എഴുതിയിരിക്കുന്നത്. ആസിഫിനെ ചേർത്തുപിടിച്ചുള്ള ചിത്രത്തോടെയാണ് ഈ കുറിപ്പ്.
'മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ല. എന്നും കൂടെ വേണമെന്നില്ല. കാണുന്ന നേരം മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്തുപിടിക്കുന്ന മറ്റൊന്നിനും പകരമാകാത്ത സ്നേഹമേ..ആയിരം നക്ഷത്രങ്ങൾ വിണ്ണി മിന്നി തെളിയുമ്പോഴും എന്നിലെ മകനായി മണ്ണിൽ പിറവികൊണ്ട താരമേ..വരും നാളുകൾ ആരോഗ്യം, സമാധാനം, സന്തോഷം, ജീവിതവിജയം എന്നും നിറഞ്ഞുനിൽക്കാൻ പ്രാർഥനകളോടെ ഉമ്മകളോടെ നേരുന്നു ജന്മദിനാശംസകൾ.' മുംതാസ് ആസാദ് കുറിച്ചു.
നിരവധി പേരാണ് ഈ പുത്രവാത്സല്യത്തിന് ആശംസകളും സ്നേഹവുമായി എത്തിയത്. നടി അപർണ ബാലമുരളിയും ചിത്രത്തിൽ സ്നേഹം പങ്കുവച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയാണ് മുംതാസ്. പ്രണയം നമ്മോട് പലതും പറയും എന്ന മുംതാസിന്റെ പുസ്തകം ഇത്തവണത്തെ കേരള നിയമസഭ അന്തരാഷ്ട്ര പുസ്തോകത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.
2013 ലായിരുന്നു ആസിഫ് അലി കണ്ണൂർ സ്വദേശിയായ സമ മസ്രിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു മക്കളാണുള്ളത്.
Movies
ക്രൈം ത്രില്ലർ ഗെയിം ചർച്ച ചെയ്യുന്ന വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് ജൂനിയേഴ്സ് ജേർണി എന്ന ചിത്രം. യുവതലമുറയുടെ വ്യത്യസ്തമായ ഈ ജീവിത കഥ പറയുന്ന ചിത്രം ഫെബ്രുവരി 13-ന് തിയറ്ററിലെത്തും.
ജെറ്റ് മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമിച്ച് ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജൂനിയേഴ്സ് ജേണി എന്ന ചിത്രത്തിന്റെ സഹ നിർമാണം സലോമി ജോണി പുലി തൂക്കിൽ ആണ്.
ദേശീയ അവാർഡ് ജേതാവായ വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന ജൂനിയേഴ്സ് ജേണിയിൽ അഡ്വ. ശ്രീധരൻ പിള്ള എന്ന ശക്തമായ കഥാപാത്രത്തെയാണ് വിജയരാഘവൻ അവതരിപ്പിക്കുന്നത്.
ലോഹിതദാസിന്റെ ശിക്ഷണത്തിലൂടെ കടന്നുവന്ന നവാഗതനായ സംവിധായകൻ ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജൂനിയേഴ്സ് ജേർണിയിൽ മീനാക്ഷി ആദ്യമായി നായിക വേഷത്തിലെത്തുന്നു. ചിത്രത്തിൽ, നായക വേഷം അവതരിപ്പിക്കുന്നത് ശരത് ഗോപാൽ ആണ്.
അഡ്വക്കേറ്റ് ശ്രീധരൻ പിള്ളയുടെ നിർദേശപ്രകാരം മകരം തുരുത്ത് എന്ന ഗ്രാമത്തിലേക്ക് സിവിൽ സർവീസ് പഠനത്തിനായി എത്തുന്ന യുവാവിന്റെ ജീവിത കഥ പറയുകയാണ് ഈ ചിത്രം.
ലിസ് (മീനാക്ഷി) എന്ന പെൺകുട്ടിയുടെ വേഷമാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. അഡ്വക്കേറ്റ് ശ്രീധരൻ പിള്ളയായി വിജയ രാഘവൻ തിളങ്ങി. വിജയ രാഘവന്റെ ശക്തമായ കഥാപാത്രമായി മാറുകയാണ് അഡ്വക്കേറ്റ് ശ്രീധരൻ പിള്ള. മീനാക്ഷി, ശരത് ഗോപാൽ, സുധീർ കരമന,അരുൺ, സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, സൗമ്യ ഭാഗ്യംപിള്ള, ജയകൃഷ്ണൻ, ദിനേശ് പണിക്കർ, മേഘനാദൻ, സുനിൽ അരവിന്ദ്, ജീജാ സുരേന്ദ്രൻ, കോബ്രാ രാജേഷ്, വിജയൻ കാരന്തൂർ, ജോമോൻ ജോഷി, കണ്ണൻ പട്ടാമ്പി, ശാന്തകുമാരി, നീനാ കുറുപ്പ്, രശ്മി സജയൻ, ജയദേവ് കലവൂർ, ഐശ്വര്യ, വിനോഷ് ജോർജ്, ഗോപാലകൃഷ്ണ പിഷാരടി, തോമസ് ജോ പനക്കൽ, രാഹുൽ ആന്റണി, ഗീതിക ഗിരീഷ്, തേനി സുരേഷ്, ഖാദർ തിരൂർ, മാസ്റ്റർ അതുൽ സുരേഷ് ,ശ്രേയ പാർവതി, ലാൽകൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്നു.
ജറ്റ് മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമിക്കുന്ന ചിത്രം, ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. സഹനിർമ്മാണം -സലോമി ജോണി പുലിതൂക്കിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വത്സലാകുമാരി ചാരുമ്മൂട്, ഛായാഗ്രഹണം- ഷിനോബ്.ടി. ചാക്കോ, എഡിറ്റർ- ജോൺ കുട്ടി, സംഗീതം -ബിമൽ പങ്കജ്, ഗാനരചന - ഫ്രാൻസിസ് ജിജോ, ആലാപനം - ഡോ. മധു മേനോൻ, ഡോ. ഇ.എ.അബ്ദുൾ ഗഫൂർ, ഷൈമ അപ്പു, പശ്ചാത്തല സംഗീതം -സായ് ബാലൻ, വി.എഫ്. എക്സ്-ശ്രീനാഥ് 91 Network, ചമയം -ദേവദാസ്, ആർട്ട് -ഡാനി മുസിരിസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സച്ചി ഉണ്ണികൃഷ്ണൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ്- ഷാബിൻ ഷാ, ട്രെയിലർ - മോഷൻ എഡിറ്റർ- ഡ്രാഗൺ ജിറോഷ്, ഗായത്രി വിജയ്, സബ്ടൈറ്റിൽ -രാജേഷ് ജന, പ്രൊഡക്ഷൻ കൺട്രോളർ- സജിത് തിക്കൊടി, പ്രൊഡക്ഷൻ മാനേജർ -എബിൻ രാജ് അമ്പഴത്തിൽ, ഡിസൈൻ- പ്രശാന്ത് ഐ ഐഡിയ, സംഘട്ടനം - ബ്രൂസ്ലി രാജേഷ്, വസ്ത്രാലങ്കാരം- ടെൽമ ആൻറണി, കൃഷ്ണകുമാർ, വിതരണം - നന്ത്യാട്ട് ഫിലിംസ്, പി.ആർ.ഒ - അയ്മനം സാജൻ
Movies
നടന് ബൈജു ഏഴുപുന്ന സംവിധായകനാകുന്ന കൂടോത്രം സിനിമയുടെ റിലീസിംഗ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 12-ന് തിയറ്ററുകളിലെത്തും.
ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഭയത്തിന്റെയും കൗതുകത്തിന്റെയും നിഴല്‍ വീഴ്ത്തുന്നതാകും എന്നാണ് ഫസ്റ്റ് ലുക്ക് നല്കുന്ന സൂചന. ഹൊറര്‍, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ഴോണറുകളെ കൂട്ടിയിണക്കിയാണ് സിനിമ എത്തുന്നത്.
സന്തോഷ് ഇടുക്കി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സാന്‍ജോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സലിം കുമാര്‍, ഡിനോയ് പൗലോസ്, ശ്രീനാഥ് മകന്തി, അലന്‍സിയര്‍, ജോയ് മാത്യു, ശ്രീജിത്ത് രവി, റേച്ചല്‍ ഡേവിഡ്, ദിയ, വീണ നായര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഗോപി സുന്ദറാണ് സംഗീതം. ജിസ്ബിന്‍ സെബാസ്റ്റ്യന്‍, ഷിജി ജയദേവന് എന്നിവര്‍ ഛായാഗ്രഹണവും ഗ്രെയ്സണ് എ.സി.എ എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന്റെ മിക്സിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് എം.ആര്. രാജകൃഷ്ണന് ആണ്. ആക്ഷന്‍ - ഫിനിക്സ് പ്രഭു, ബ്രാന്‍ഡിംഗ് - ടിക്സ്പീക്ക്. സിനിമ ഫെബ്രുവരി രണ്ടാം വാരത്തോടെ തിയേറ്ററുകളില്‍ എത്തും.
Movies
വിനോദയാത്ര എന്ന ചിത്രത്തിലേയ്ക്ക് മീര ജാസ്മിനെ എത്തിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിലേയ്ക്ക് ആദ്യം കരുതിയിരുന്നത് പുതുമുഖങ്ങളെയായിരുന്നുവെന്നും അവരെ വച്ച് ഷൂട്ട് തുടങ്ങിക്കഴിഞ്ഞാണ് അത് ശരിയാകുന്നില്ലെന്ന് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് അന്ന് ഒട്ടും ഡേറ്റ് ഇല്ലാതിരുന്ന മീര ജാസ്മിനെ നേരിട്ട് വിളിച്ച് എങ്ങനെയെങ്കിലും വന്ന് രക്ഷപ്പെടുത്തണമെന്ന് പറയുകയായിരുന്നുവെന്നും സത്യ അന്തിക്കാട് പറഞ്ഞു.
കലാസംഘം ഫിലിംസിന്റെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സത്യന് അന്തിക്കാട് മനസ് തുറന്നത്.
''അത് വലിയ അതിശയകരമായ സംഗതിയാണ്. ഞാന്‍ ആദ്യം ചിന്തിച്ചത് ദിലീപിനെ കേന്ദ്രീകരിച്ചൊരു സിനിമയാണ്. നായികയായി പുതിയ പെണ്‍കുട്ടി ചെയ്യട്ടെ എന്നായിരുന്നു. അനുപമയാകാന്‍ പുതിയ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുറേ നടത്തി.
ഒന്ന് രണ്ട് കുട്ടികളെ ഓഡിഷന് ചെയ്തു നോക്കി. ഇതിനിടെ ഷൂട്ടിംഗ് തുടങ്ങുകയും ചെയ്തു. കൊണ്ടു വന്ന പുതുമുഖങ്ങള്‍ക്കൊന്നും മറ്റുള്ളവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകുന്നില്ല.
ആ സമയത്ത് മീര ജാസ്മിന് ഡേറ്റേയില്ല. ഏതൊക്കയോ തമിഴ് സിനിമകള്‍ ചെയ്യുകയാണ്. എനിക്ക് മീര ജാസ്മിനുമായി വളരെ അടുത്ത ബന്ധമുണ്ട്. രസതന്ത്രവും അച്ചുവിന്റെ അമ്മയുമൊക്കെ ചെയ്ത ബന്ധമുണ്ട്. ഞാന്‍ നേരെ മീരയെ വിളിച്ചു. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. മീര ഏതോ തമിഴ് സിനിമയുടെ ഷൂട്ടിലാണ്. ഷൂട്ടിംഗ് തുടങ്ങി, മീര എങ്ങനെയെങ്കിലും വന്നേ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെ മീര വന്നു. നമ്മളോടുള്ള സ്നേഹം കൊണ്ടാണത്. ഗോളാന്തര വാര്‍ത്തകളുടെ സമയത്ത് ഇതുപോലെ ശോഭനയും വന്നിട്ടുണ്ട്. ഒരു പുതുമുഖത്തിന് താങ്ങില്ല. കുറച്ച് ഭാരമുള്ള വേഷമാണ് അനുപമയുടേത്.
പക്ഷെ മീര വന്നതോടെ അത് ഭയങ്കരമായ കോമ്പിനേഷനായി മാറി. ചില സിനിമകള്‍ അങ്ങനെയാണ്. ആരൊക്കെ എങ്ങനൊക്കെ എത്തുമെന്ന് വിധിക്കപ്പെട്ടിട്ടുണ്ട്.
കൊണ്ടു വന്നുവെന്ന് പറയുന്നതിനേക്കാള്‍ അവരുടെ ആദ്യ സിനിമ എന്റേതായി എന്ന് പറയാന്‍ പറ്റുവെന്നതിലാണ് സന്തോഷം. ഞാനല്ലെങ്കില്‍ വേറൊരു സംവിധായകനിലൂടെ നയന്‍താരയും സംയുക്ത വര്‍മയും അസിനുമൊക്കെ വരുമായിരുന്നു.
ആ സമയത്ത് എന്റെ സിനിമയ്ക്ക് പറ്റുന്ന രീതിയില്‍ ഉപയോഗപ്പെടുത്തിയെന്ന് മാത്രം. അത് മാത്രമാണ് എന്റെ കോണ്ട്രിബ്യൂഷന്. അവരുടെ കഴിവാണ് അവരെ താരങ്ങളാക്കിയത്. ഞാന്‍ ആരേയും ഉയര്‍ത്തി കൊണ്ടു വന്നുവെന്ന അവകാശവാദമില്ല.
പക്ഷെ സ്വകാര്യ സന്തോഷമുണ്ട്. എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്. അവര്‍ താരങ്ങളാകാന്‍ ജനിച്ചവരാണ്. വിധി എന്നെ തെരഞ്ഞെടുത്തുവെന്ന് മാത്രം'' സത്യന് അന്തിക്കാട് പറയുന്നു.
Movies
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനായി എത്തുന്ന ആശാൻ ആഗോള റിലീസായി ഫെബ്രുവരി അഞ്ചിന് തിയറ്ററുകളിലെത്തും.
ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.
നാല്പതിലധികം വർഷങ്ങളിലായി 550 ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ് ആദ്യമായി ഒരു കൊമേർഷ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത.
ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. കുഞ്ഞിക്കവിൾ മേഘമേ എന്ന ഗാനം ഇതിനകം യൂട്യൂബിൽ കണ്ടത് 20 ലക്ഷത്തോളം പേരാണ്.
ഇന്ദ്രൻസ് എന്ന നടന്റെ മറ്റൊരു ഗംഭീര പ്രകടനത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേമികളും ആരാധകരും.
ഗപ്പി, അമ്പിളി എന്നിവയ്ക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർക്കൊപ്പം നൂറിൽപ്പരം പുതുമുഖങ്ങളും ആശാനിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എം.ആർ. രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിംഗ്: അഭിലാഷ് ചാക്കോ, ഓവർസീസ് പാർട്ണർ - ഫാർസ് ഫിലിംസ്, പിആർഒ ശബരി.
Movies
ഡ്രീം മൂവി മേക്കേഴ്സിന്റെ ബാനറിൽ രഞ്ജിത്ത് കെ.ആർ. നിർമിച്ച് ബിപിൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന നിഴൽ വേട്ട എന്ന സിനിമയുടെ പൂജ കർമ്മം കോഴിക്കോട്ട് നടന്നു.
ചടങ്ങിൽ വിനോദ് കോവൂർ,ഡോക്ടർ രജത്ത് കുമാർ, വിജയൻ കാരന്തൂർ, ജയരാജ് കോഴിക്കോട്, ഷിബു നിർമ്മാല്യം, കലാ സുബ്രഹമണ്യം, ദീപ്തി മിത്ര ഒപ്പം സിനിമയിലെ സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു.
Movies
മാർക്കോ, റിലീസിനൊരുങ്ങുന്ന കാട്ടാളൻ എന്നീ സിനിമകള്‍ക്ക് പിന്നാലെ ക്യൂബ്സ് എന്റർടെയ്ൻമെന്റ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം വരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമൊരുങ്ങുന്ന സിനിമയുടെ സംവിധാനം മലയാള സിനിമയിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ്.
സിനിമയുടെ നിർമാണം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് സാരഥി ഷരീഫ് മുഹമ്മദാണ്. മമ്മൂട്ടിയെന്ന നടനവിസ്മയത്തോടുള്ള ആദരസൂചകമായി ഒരുക്കുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്.
ഉണ്ട എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂക്കയുമായി ബന്ധപ്പെട്ട ഒരു പ്രോജക്റ്റുമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖരായ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളൻ റിലീസിനായി ഒരുങ്ങുകയാണ്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്.
ഇപ്പോഴിതാ വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിആർഒ : ആതിര ദിൽജിത്ത്.
Movies
2025, മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സിനിമകളുടെ തേരോട്ടമാണ് കണ്ടത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച, വൈകാരികമായി സ്പര്‍ശിച്ച നിരവധി ചിത്രങ്ങള്‍ ബോക്സ്ഓഫിസില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. 2025-ല്‍ ഇന്ത്യന്‍ വെള്ളിത്തിര ഭരിച്ചത് ഏഴ് തെന്നിന്ത്യന്‍ താരങ്ങളാണ്.
1. കല്യാണി പ്രിയദര്ശന്
പുതുതലമുറയ്ക്കായി ഒരുക്കിയ സൂപ്പര്‍ നായികാചിത്രം മലയാളത്തിലും തെന്നിന്ത്യയിലും മാത്രമല്ല, ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. മലയാളസിനിമയ്ക്ക് വിദേശ രാജ്യങ്ങളില്‍ പേരും പെരുമയും നേടിക്കൊടുത്ത ചിത്രംകൂടിയായി ലോക മാറി.
കല്യാണി പ്രിയദര്ശന് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള യക്ഷിക്കഥ, റിലീസ് ദിവസം മുതല്‍ ബോക്സ് ഓഫീസിനെ കീഴടക്കുകയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നായിക ചിത്രമായി ലോക മാറുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
ഡൊമനിക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ദുല്‍ഖര്‍ സല്മാന് ആണ് നിര്‍മാണം. ടൊവിനോ തോമസ്, ദുല്‍ഖര്‍ എന്നിവരുടെ അതിഥിവേഷം ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുകയും ചെയ്തു.
ലോക രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ടൊവിനോ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും ദുല്‍ഖറും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമായി എത്തും. കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
2. ഋഷഭ് ഷെട്ടി
ഈ വര്‍ഷം പ്രക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് കാന്താര. ആഗോള ബോക്സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ കന്നഡ ചിത്രത്തിന്റെ സംവിധായകനായും നായകനായും പ്രവര്‍ത്തിച്ച ഋഷഭ്, ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായി മാറി. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകര്‍ മഹോത്സവമാക്കുകയായിരുന്നു
ചിത്രത്തില്‍ നായികയായ രുക്മിണി വസന്തും ഉജ്വലപ്രകടനമാണ് നടത്തിയത്. ആദ്യ പകുതിവരെ പ്രേക്ഷകര്‍ക്ക് രുക്മിണി വെറുമൊരു പ്രണയിനിയാണെന്നു തോന്നിയെങ്കിലും പ്രീ-ക്ലൈമാക്സും ക്ലൈമാക്സും കഥാപാത്രത്തിന്റെ യഥാര്‍ഥശക്തി വെളിപ്പെടുത്തുന്നതായിരുന്നു. കാന്തരായില് രുക്മിണി നടത്തിയത് മിന്നും പെര്‍ഫോമന്‍സ് ആയിരുന്നു.
3. ദുല്‍ഖര്‍ സല്മാന്
ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് മലയാളികളുടെ പ്രിയതാരം ദുര്‍ഖര്‍ നായകനായ തമിഴ്ചിത്രം കാന്ത പറയുന്നത്. 1950കളില്‍ തമിഴ് സൂപ്പര്‍സ്റ്റാറായിരുന്ന ടി.കെ. മഹാദേവന്റെ (ടികെഎം എന്നും അറിയപ്പെടുന്നു) കഥയാണ് കാന്ത. അഭിനയ ചക്രവര്‍ത്തി എന്ന് ആരാധകര്‍ വിളിക്കുന്ന ടികെഎമ്മിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
4. പ്രിയദര്‍ശി പുളികൊണ്ട
ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു വികാരഭരിതവും തീവ്രവുമായ തലുങ്ക് ലോ ത്രില്ലര്‍ ആയിരുന്നു കോര്‍ട്ട്: വെര്‍സസ് എ നോബഡി. നീതിന്യായ വ്യവസ്ഥയ്ക്കുള്ളിലെ മുന്‍വിധികള്‍ക്കും അഴിമതിക്കുമെതിരെ പോരാടുന്ന സൂര്യ തേജ എന്ന പ്രതിഭാഗം അഭിഭാഷകന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
ചെയ്യാത്ത കുറ്റത്തിനു കോടതിയിലെത്തപ്പെട്ട 19 വയസുള്ള ഒരു ആണ്‍കുട്ടിയുടെ അഭിഭാഷകനായി സൂര്യ കേസ് ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം നാടകീയമായ വഴിത്തിരിവിലേക്ക് നീങ്ങുന്നു.
5. സന്ദീപ് പ്രദീപ്
കിഷ്കിന്ധാകാണ്ഡത്തിന്റെ അണിയറക്കാര്‍ എക്കോ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയ വര്‍ഷമായിരുന്നു 2025. കിഷ്കിന്ധാകാണ്ഡം പോലെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു എക്കോയും.
പേരുകോട്ട ഡോഗ് ബ്രീഡറായ കുരിയച്ചനെ തേടി നിരവധിപ്പേര്‍ നടത്തുന്ന യാത്രയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സന്ദീപ് പ്രദീപ് ചിത്രത്തില്‍ തീവ്രവും സങ്കീര്‍ണവുമായ പ്രകടനമാണു നടത്തിയത്. മോളിവുഡിലെ യുവതാരമായി സന്ദീപ് വളരുകയും തന്റെ താരസിംഹാസനം ഉറപ്പിക്കുകയും ചെയ്ത ചിത്രം കൂടിയാണ് എക്കോ.
6. രശ്മിക മന്ദാന
ബോക്സ്ഓഫീസിനെ പിടിച്ചുകുലുക്കിയ മറ്റൊരു തെലുങ്കുചിത്രമാണ് ദി ഗേള്‍ഫ്രണ്ട്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ക്യാമ്പസ് പ്രണയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
തന്റെ സഹപാഠിയായ വിക്രമിനെ പ്രണയിക്കുന്ന സാഹിത്യ വിദ്യാര്‍ഥിനിയായ ഭൂമ, വിഷലിപ്തമായ ബന്ധത്തില്‍ കുടുങ്ങിപ്പോകുന്നു. തുടര്‍ന്ന്, വൈകാരിക പീഡനത്തില്‍നിന്നും പുരുഷാധിപത്യത്തില്‍നിന്നും സ്വതന്ത്രയാകാനും സ്വന്തം ശബ്ദം കണ്ടെത്താനും നടത്തുന്ന ശ്രമങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
7. ധ്രുവ് വിക്രം
തമിഴകം ആഘോഷിച്ച മാരി സെല്‍വരാജിന്റെ ഹിറ്റ് ചിത്രമാണ് ബൈസണ്‍. സ്പോര്‍ട്സ് ഡ്രാമയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ മകന് ധ്രുവ് ആണ് നായകന്. ധ്രുവ് വിക്രം വെറുമൊരു സ്റ്റാര്‍ കിഡ് മാത്രമല്ല, അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന നടനാണെന്നു തെളിയിച്ച ചിത്രം കൂടിയാണ് ബൈസണ്‍.
Movies
നടി നിധി അഗർവാളിന് നേരെ ആരാധകരുടെ അതിക്രമം. പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രം ദ രാജാസാബിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. ചടങ്ങിൽ പങ്കെടുത്ത് പുറത്തേയ്ക്കിറങ്ങവേയാണ് നടിയുടെ നേരെ ആൾക്കൂട്ടം ഇരച്ചെത്തിയത്. ആരാധകർക്കിടയിൽ പെട്ടുപോയ നടി പണിപ്പെട്ടാണ് കാറിലേയ്ക്ക് കയറിയത്.
വളരെയധികം അസ്വസ്ഥയായി കാറിൽ കയറുന്ന നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സുരക്ഷാ ജീവനക്കാരെ പോലും തള്ളിമാറ്റിയാണ് ആൾക്കൂട്ടം നടിക്ക് നേരെ എത്തിയത്. നടിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെൽഫി എടുക്കാനുമെല്ലാം ആളുകൾ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. മോശമായി പെരുമാറിയ ആരാധകരെക്കുറിച്ച് വലിയ വിമർശനമുയരുന്നുണ്ട്.
പരിപാടി നടത്താൻ പോലീസ് അനുമതി വാങ്ങിയില്ലെന്നും അത് സുരക്ഷയെ ബാധിച്ചെന്നും വാർത്തകളുണ്ട്.
പ്രഭാസിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് രാജാസാബ്. .ജി വിശ്വപ്രസാദ് നിര്‍മിച്ച് മാരുതിയാണ് സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഗൻ റിദ്ധി കുമാർ എന്നവരും ചിത്രത്തിലുണ്ട്. ചിത്രം ജനുവരി ഒമ്പതിന് തിയറ്ററുകളിലെത്തും.
Movies
സിനിമയുടെ സാമ്പത്തിക വിജയത്തേക്കാളുപരി സംവിധായകൻ നന്ദകിഷോറിലുള്ള വിശ്വാസമാണ് വൃഷഭ ചെയ്യാൻ കാരണമെന്ന് മോഹൻലാൽ.
ഈ സിനിമയുടെ കഥ തനിക്ക് വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നും തന്നെ മുന്നിൽ കണ്ടല്ല തിരക്കഥ തയാറാക്കിയതെന്ന് അണിയറപ്രവർത്തകർ തന്നോട് തുറന്നു പറഞ്ഞിരുന്നതായും താരം വെളിപ്പെടുത്തി. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ഇമോഷണൽ പശ്ചാത്തലവുമാണ് തന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചതെന്നും മോഹൻലാൽ പറഞ്ഞു.
ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഈ സിനിമയുടെ കഥ കേട്ടപ്പോൾ അതിൽ ചില പ്രത്യേകതകൾ ഉള്ളതായി എനിക്ക് തോന്നി. ഇതൊരു സാധാരണ സിനിമാ കഥയല്ല. പുനർജന്മത്തെ ആസ്പദമാക്കി മുൻപും സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതിലെ പുനർജന്മം തികച്ചും വ്യത്യസ്തമാണെന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.
രണ്ട് നായികമാർ പറയുന്ന കഥയാണിത്. ഇതിന്റെ ഉള്ളടക്കത്തിൽ പ്രണയത്തിന് വലിയൊരു സ്ഥാനമുണ്ട്. അതുപോലെ തന്നെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിനും വലിയ പ്രാധാന്യമുണ്ട്. സാധാരണ സിനിമകളിലേക്കാൾ കൂടുതൽ ആക്ഷൻ രംഗങ്ങൾ ഇതിലുണ്ട്. വ്യത്യസ്തമായ ഒരു കാലഘട്ടത്തെ പശ്ചാത്തലമാക്കിയുള്ള സിനിമയാണിത്. ഇത്തരം സിനിമകൾ ഞാൻ അധികം ചെയ്തിട്ടില്ല.
പിന്നെ എടുത്തു പറയേണ്ട കാര്യം, എപ്പോഴും പറയുന്നതുപോലെ എനിക്ക് എന്റെ സംവിധായകനിലാണ് ഏറ്റവും വലിയ വിശ്വാസം. നന്ദ കിഷോറിലുള്ള ആ വിശ്വാസം കൊണ്ടാണ് ഞാൻ ഈ സിനിമ ഏറ്റെടുത്തത്.
സിനിമ എത്രത്തോളം വിജയകരമാകും എന്നതിനെക്കുറിച്ചോ അതിന്റെ ഓട്ടത്തെക്കുറിച്ചോ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല, അത് സിനിമ കണ്ടിട്ട് വിലയിരുത്തേണ്ട കാര്യമാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല കഥയായി തോന്നി; എനിക്ക് ചെയ്യാൻ സാധിക്കുന്ന, ഇമോഷനൽ വാല്യൂ ഉള്ള ഒരു സിനിമയാണിതെന്ന് എനിക്ക് തോന്നി.
ഇതൊരു സാധാരണ സിനിമയല്ലെന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ. ഇതിൽ ആക്ഷന്‍ വലിയ പ്രാധാന്യമുണ്ട്. നമ്മൾ സാധാരണ കാണാത്ത തരം ആക്ഷൻ രംഗങ്ങൾ ഇതിലുണ്ട്. ഒരു പീരിയഡ് ഫിലിമിന്റെ പ്രത്യേകതകൾ ഇതിനുണ്ട്. അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ എനിക്കറിയില്ല.
സംവിധായകൻ പറഞ്ഞതുപോലെ, ഈ കഥ എനിക്ക് വേണ്ടി മാത്രം എഴുതിയതല്ല. ഇങ്ങനെയൊരു കഥയുണ്ട്, ഇതിൽ അഭിനയിക്കാമോ എന്ന് ചോദിച്ച് അവർ എന്നെ സമീപിക്കുകയായിരുന്നു. ഈ കഥ മോഹൻലാലിന് വേണ്ടി എഴുതിയതല്ല എന്ന് അവർ എന്നോട് തുറന്നു പറഞ്ഞിരുന്നു.
എന്നെ സംബന്ധിച്ച്, പ്രേം നസീർ സാർ, ശിവാജി ഗണേശൻ സാർ, അമിതാഭ് ബച്ചൻ സാർ, രാജ്കുമാർ സാർ, നാഗേശ്വര റാവു സാർ തുടങ്ങിയ ഇതിഹാസ തുല്യരായ അഭിനേതാക്കൾക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.
അവർ എനിക്ക് നൽകിയ സ്നേഹവും പരിഗണനയും വലിയൊരു പാഠമായിരുന്നു. ആ പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നത് എന്റെ കടമയാണ്. ഞാൻ ഒരു പുതിയ നടനായി സിനിമയിലേക്ക് വന്ന കാലത്ത് പോലും അവർ എന്നെ മാറ്റി നിർത്തിയിട്ടില്ല, എന്നും സ്നേഹിച്ചിട്ടേയുള്ളൂ. അത് തന്നെയാണ് എന്റെയും ധർമം.
സഹപ്രവർത്തകരെ പിന്തുണച്ചും സ്നേഹിച്ചും മാത്രമേ ഒരു നല്ല സിനിമ സൃഷ്ടിക്കാൻ കഴിയൂ. ഞാൻ അവരോട് എങ്ങനെയാണെന്ന് എന്റെ കൂടെ പ്രവർത്തിക്കുന്നവരോട് ചോദിച്ചാലേ അറിയാൻ സാധിക്കൂ. വളരെ സത്യസന്ധമായി സഹപ്രവർത്തകരോടൊപ്പം ജോലി ചെയ്യുക എന്നതാണ് എന്റെ രീതി.
എനിക്ക് എല്ലാ കോമ്പിനേഷൻ സീനുകളും നല്ല ഓർമ്മകളാണ്. അതിൽ ഒരാളെ മാത്രം എടുത്തു പറയാൻ കഴിയില്ല. ഓരോ സിനിമയും അങ്ങനെയാണ്. ഇപ്പോൾ നമ്മൾ വൃഷഭയെക്കുറിച്ച് സംസാരിക്കുന്നത് കൊണ്ട്, അതിലെ വൈകാരികമായ രംഗങ്ങളാണ് ഇപ്പോൾ ഓർമ്മയിൽ വരുന്നത്. മോഹൻലാൽ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി നന്ദ കിഷോർ ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രമാണ് വൃഷഭ. മോഹൻലാൽ രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്.
Movies
നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പ്ലൂട്ടോ എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖൻ എങ്കിലും ചന്ദ്രികക്ക് ശേഷം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ.
അൽത്താഫ് സലിം ഒരു ഏലിയൻ കഥാപാത്രമാകുന്ന ഈ ചിത്രത്തിൽ മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളുമാണ് ദൃശ്യവത്കരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ. കെ., ഛായാഗ്രാഹണം -വിഷ്ണു ശർമ്മ, കഥ തിരക്കഥ-നിയാസ് മുഹമ്മദ്, സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ. കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-അർജ്ജുനൻ,നൗഫൽ സലിം, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ-പക്കു കരിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എ. എസ്, കെ.സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ്- ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് - എപിയൻസ്, ഡാൻസ് കോറിയോഗ്രാഫി-റിഷ്ദാൻ അബ്ദുൽ റഷീദ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി. സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്, പി ആർ ഒ-എ.എസ്. ദിനേശ്.
Movies
നടി ശോഭനയെ കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് അജു വർഗീസ്. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ശോഭനയെ കാണുകയെന്നതും ഒടുവിൽ അത് സംഭവിച്ചുവെന്ന കുറിപ്പോടെയാണ് അജു ചിത്രങ്ങൾ പങ്കുവച്ചത്.
ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ... പവിത്രത്തിലെ മീരയേയും പക്ഷേയിലെ നന്ദിനിയേയും അതുപോലെ ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനയെ നേരിൽ കാണാൻ അവസരം ലഭിച്ചു. ഈ ഇതിഹാസതാരത്തെ നേരിൽ കാണണമെന്നത് എന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു.
ജിയോ ഹോട്ട്സ്റ്റാർ സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആരാണ് പ്രിയപ്പെട്ട നടിയെന്ന ചോദ്യത്തിന് അജു വർഗീസ് എന്നും നൽകിയിരുന്ന ഉത്തരം ശോഭനയായിരുന്നു. ഇതിനു മുൻപും ശോഭന എന്ന അഭിനേത്രിയോടുള്ള ഇഷ്ടം താരം തുറന്നു പറഞ്ഞിട്ടുണ്ട്.
Movies
പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന റേച്ചൽ.
ഡിസംബർ 12നാണ് സിനിമയുടെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. ചിത്രത്തിൽ ഈനാശു എന്ന കഥാപാത്രമായെത്തുന്ന വിനീത് തട്ടിൽ, തെരേസയായി എത്തുന്ന രാധിക രാധാകൃഷ്ണൻ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുകയാണ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്.
വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകിയിരിക്കുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന് ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.
ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന് ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു.
ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ്: രതീഷ് വിജയൻ, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹനാൻ മരമുട്ടം, അർജുൻ ജീവ, ലൈൻ പ്രൊഡ്യൂസേഴ്സ്: പ്രിജിൻ ജെ.പി., മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിന്റ്, സ്റ്റിൽസ്: നിദാദ് കെ എൻ, വിഎഫ്എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, ഡിഐ: ഇൻഡ്യൻ സിനിമ കമ്പനി, ടീസർ കട്ട്: ബെൻ ഷെരിൻ ബി, ട്രെയിലർ കട്ട്: ഡോൺ മാക്സ്, ടീസർ സബ്ടൈറ്റിൽ: വിവേക് രഞ്ജിത്ത്, ലീഗൽ അഡ്വൈസർ മുഹമ്മദ് സിയാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിആര്‍ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.
Movies
ഒരു പുതിയ സിനിമയ്ക്കു നല്ല പ്രചാരം ഉറപ്പാക്കാൻ പണം നൽകുന്നതോ, പണം നൽകിയില്ലെങ്കിൽ റിലീസിന് മുമ്പുതന്നെ നെഗറ്റീവ് കാര്യങ്ങൾ തുടർച്ചയായി എഴുതുന്നതോ ആയ ഈ പ്രവണത പിടിച്ചുപറിക്കുന്നതിന് തുല്യമാണെന്ന് തുറന്നടിച്ചു നടി യാമി ഗൗതം.
ബോളിവുഡിൽ വളർന്നുവരുന്ന സിനിമയുടെ റിലീസിന് തൊട്ടുമുമ്പുള്ള ഹൈപ്പ് സംസ്കാരത്തെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് യാമി വിമർശിച്ചത്. വിപണനതന്ത്രങ്ങളിലൂടെ സിനിമകൾക്ക് കൃത്രിമമായി ഹൈപ്പ് ഉണ്ടാക്കുന്ന രീതി അവസാനിപ്പിക്കാൻ സിനിമാ വ്യവസായത്തിലെ സഹപ്രവർത്തകരോട് അഭ്യർഥിക്കുന്നു.
എന്റെ ഭർത്താവ് ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ എന്ന ചിത്രം റദ്ദാക്കൽ സംസ്കാരത്തിന് ഇരയാകാൻ സാധ്യതയുണ്ട്. ഒരു സിനിമയ്ക്ക് നല്ല 'ഹൈപ്പ്' ഉറപ്പാക്കാൻ പണം നൽകുന്നതോ, പണം നൽകിയില്ലെങ്കിൽ റിലീസിന് മുമ്പുതന്നെ നെഗറ്റീവ് കാര്യങ്ങൾ തുടർച്ചയായി എഴുതുന്നതോ ആയ ഈ പ്രവണത പിടിച്ചുപറിക്കുന്നതിനു തുല്യമാണ്. ഇതു സിനിമാ വ്യവസായത്തിന്റെ ഭാവിയെ വലിയ രീതിയിൽ ബാധിക്കാൻ പോകുന്ന ഒരു പ്ലേഗ് ആണ്.
ആദിത്യ ധർ ധുരന്ധർ എന്ന സിനിമയ്ക്കായി ചെയ്ത കഠിനാധ്വാനം വളരെ വലുതാണ്. ഈ പ്രവണത വ്യവസായത്തിലെ പുതിയ "നോർമൽ" ആണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ഈ "ട്രെൻഡ്" എന്ന രാക്ഷസൻ ഒടുവിൽ എല്ലാവരെയും ദോഷകരമായി ബാധിക്കും.
കഴിഞ്ഞ അഞ്ചു വർഷമായി യഥാർഥ വിജയവും ഉപരിപ്ലവമായ വിജയവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിൽ ആർക്കും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ധൈര്യമില്ല. കാരണം അവിടു്ത വ്യവസായം നിരവധി കാര്യങ്ങളിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട്. ആ വ്യവസായം പല മേഖലകളിലും ഒരുമിച്ച് നിൽക്കുന്നു. നമ്മുടെ ബഹുമാനപ്പെട്ട നിർമാതാക്കളോടും സംവിധായകരോടും നടന്മാരോടും ഈ ഘട്ടത്തിൽ തന്നെ ഈ പുഴുത്ത സംസ്കാരത്തെ അവസാനിപ്പിക്കാനും അതിനെ നിരുത്സാഹപ്പെടുത്താനും ഒരുമിച്ച് വരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.
സിനിമ നിർമിക്കുന്നതിന്റെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന്റെയും സന്തോഷത്തെ നമുക്ക് കൊല്ലരുത്, പ്രേക്ഷകർക്ക് അവരുടെ തോന്നലുകൾ തീരുമാനിക്കാൻ അവസരം നൽകണം. നമ്മുടെ വ്യവസായ പരിസ്ഥിതിയെ നാം സംരക്ഷിക്കണം- യാമി വ്യക്തമാക്കി.
യാമി ഗൗതമിന്റെആശങ്കകൾക്ക് പിന്തുണയുമായി നടൻ ഹൃത്വിക് റോഷൻ പ്രതികരിച്ചു. ഫീ ഡ്ബാക്കിലൂടെ നമ്മെ മെച്ചപ്പെടുത്താൻ യഥാർഥ അഭിപ്രായങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ. അഭിപ്രായസ്വാതന്ത്ര്യമില്ലാതെ സത്യമില്ലാതെ, അവർക്കോ നമ്മൾക്കോ എന്ത് സംതൃപ്തിയാണ് പ്രതീക്ഷിക്കാനാവുക? എന്ന് ഹൃത്വിക് റോഷൻ ചോദിച്ചു. പരമാർഥം എന്നാണ് യാമി ഇതിനോട് പ്രതികരിച്ചത്. നടി ടിസ്ക ചോപ്രയും യാമിക്ക് പിന്തുണയുമായി രംഗത്തുവന്നു.
Movies
പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന റേച്ചൽ.
ഇപ്പോഴിതാ ചിത്രത്തിലെ പെൺതരിയേ എന്ന് തുടങ്ങുന്ന ആവേശം നിറയ്ക്കുന്ന ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ക്രിസ്മസ് റിലീസായി ഡിസംബർ 12-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഇഷാൻ ഛാബ്ര സംഗീതം നൽകി സിത്താര കൃഷ്ണകുമാറും അഹി അജയനും അനില രാജീവും ചേർന്ന് ആലപിച്ചിരിക്കുന്നതാണ് ഗാനം. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.
പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുകയാണ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്.
Movies
മമ്മൂട്ടി എന്ന പേര് തന്നെ ആദ്യമായി വിളിച്ചയാളെ സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തി മെഗാസ്റ്റാർ. ഒരു സ്വകാര്യ ചടങ്ങിലായിരുന്നു താരം തന്റെ കലാലായ കാലഘട്ടത്തിലെ സുഹൃത്തിനെ വേദിയിലേയ്ക്ക് വിളിച്ച് ഇക്കാര്യം പറഞ്ഞത്.
എടവനക്കാട് സ്വദേശിയായ ശശിധരനാണ് മുഹമ്മദ് കുട്ടി എന്ന പേര് മാറ്റി മമ്മൂട്ടി എന്നുവിളിച്ചത്.
എനിക്ക് പേരിട്ടയാൾ ഇവിടെയുണ്ട്. എടവനക്കാടുള്ള എന്റെ സുഹൃത്ത് ശശിധരനാണ് അദ്ദേഹം. എല്ലാവർക്കും കാണാനായി അദ്ദേഹം ദയവായി മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു.
മഹാരാജാസ് ഒരു കോളജ് അല്ല, ഒരു വികാരമാണ്. ഇവിടെ പഠിക്കുമ്പോൾ എന്റെ പേര് വേറെ ഒന്നായിരുന്നു. പേര് അപരിഷ്കൃതമായി തോന്നിയതു കൊണ്ട് പരിചയമില്ലാത്ത സുഹൃത്തുക്കളോട് ഓമർ ഷെരീഫ് എന്നാണ് പറഞ്ഞിരുന്നത്. ഓമറെ ഓമറെ എന്നാണ് വിളിക്കുക. ഒരിക്കൽ കൂട്ടുകാരുമായി നടക്കുമ്പോൾ പോക്കറ്റിൽ നിന്ന് ഐഡി കാർഡ് താഴെ വീണു. അത് ഒരുത്തൻ എടുത്തു നോക്കിയിട്ട് നിന്റെ പേര് ഓമർ എന്നല്ലല്ലോ മമ്മൂട്ടി എന്നല്ലേ എന്നു ചോദിച്ചു. അന്നു മുതലാണ് ഞാൻ എന്റെ സുഹൃത്തുക്കളുടെ ഇടയിലും നിങ്ങളുടെ ഇടയിലും മമ്മൂട്ടി എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
പലരും ചോദിക്കും എനിക്ക് പേരിട്ടത് ആരാണെന്ന്. പലരും സ്വമേധയാ മുന്നോട്ട് വന്നു, അവരാണ് പേരിട്ടതെന്ന് പറഞ്ഞു. പക്ഷേ എനിക്കറിയാവുന്ന എനിക്ക് പേരിട്ട മമ്മൂട്ടി ദാണ്ടെ അവിടെ ഇരിപ്പുണ്ട്. പുള്ളിയെ ഒന്ന് ഇങ്ങോട്ട് വിളിക്കാം. ഇദ്ദേഹത്തിന്റെ പേര് ശശിധരൻ എന്നാണ്. എടവനക്കാടാണ് വീട്. പലരും എന്നോട് ചോദിച്ചു. ഞാൻ ഇദ്ദേഹത്തെ ഒളിച്ചു വച്ചതാണ്’ മമ്മൂട്ടി പറഞ്ഞു.
Movies
"നാന ചലച്ചിത്ര വാരികയുടെ മദ്രാസിലെ പ്രതിനിധി ആയി ചുമതലയേൽക്കാൻ കൊല്ലത്ത്നിന്നു മദ്രാസ് മെയിലിൽ ഞാൻ പുറപ്പെടുന്നത് റിസർവേഷൻ പോലും ഇല്ലാതെയാണ്. വൻ തിരക്കായിരുന്നു അന്ന് ട്രെയിനിൽ. ട്രെയിനിലെ ടോയ്ലറ്റിന് പുറത്തുള്ള ഇടുങ്ങിയ സ്ഥലത്ത് ദിനപത്രം നിവർത്തിക്കിടന്നാണ് രാത്രി ഉറങ്ങിയത്.
യാത്രക്കാർ ടോയ്ലറ്റിലേക്ക് വരുമ്പോഴെല്ലാം പാതി ഉറക്കത്തിൽ എഴുന്നേറ്റ് മാറി നിൽക്കണം. എന്റെ അച്ഛൻ അന്ന് റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററാണ്. എങ്കിലും അച്ഛനോട് മദ്രാസിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു തരാൻ ഞാൻ പറഞ്ഞില്ല. അന്നത്തെ കാലത്ത് മക്കളുടെ യാത്രാസൗകര്യത്തെ കുറിച്ചൊന്നും രക്ഷിതാക്കൾ വലിയ കാര്യമായി ചിന്തിച്ചിരുന്നുമില്ല. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചാണ് എന്റെ ആദ്യ യാത്ര. എന്റെ കൈയിൽ അന്നുണ്ടായിരുന്ന ബ്രീഫ് കേസിൽ പക്ഷേ എന്റെ സിനിമാ മോഹങ്ങൾ ഉണ്ടായിരുന്നു...
നിറഞ്ഞ ആത്മവിശ്വാസവും. വാരികയുടെ ചെറിയ വരുമാനത്തിനുള്ളിൽ നിന്നുകൊണ്ട് മദ്രാസിൽ പത്രപ്രവർത്തന ജീവിതം ആരംഭിച്ചതും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ്. ''
പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ രാഷ്ട്രദീപികയോട് സംസാരിക്കുകയായിരുന്നു. സംവിധായകനായും നടനായും നിർമ്മാതാവായും തിരക്കഥാകൃത്തായും വിതരണക്കാരനായും ചലച്ചിത്രലോകം അടക്കിവാണ ബാലചന്ദ്രമേനോന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ഈ വാക്കുകൾക്ക് വളരെ പ്രസക്തിയുണ്ട്. അടങ്ങാത്ത അഭിലാഷങ്ങളുടെ, വിജയത്തിന്റെ സുവർണ്ണ സ്പന്ദനങ്ങൾ ഉണ്ട്.
സിനിമയായിരുന്നു എല്ലാ കാലത്തും ബാലചന്ദ്രമേനോന്റെ സ്വപ്നവും മോഹവും എല്ലാമെല്ലാം. അച്ഛൻ ശിവശങ്കര പ്പിള്ളയ്ക്ക് പക്ഷേ മകൻ സിനിമാക്കാരനാവുന്നതിനോട് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് എത്തുവാൻ പത്രപ്രവർത്തനം തെരഞ്ഞെടുക്കുവാൻ ഉപദേശിക്കുന്നത് പ്രശസ്ത കവിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ബാലചന്ദ്രമേനോന്റെ അധ്യാപകനുമായ പ്രഫ. ഒ.എൻ. വി. കുറുപ്പാണ്.
തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബിൽ നിന്നും ബാലചന്ദ്രമേനോൻ പത്രപ്രവർത്തന കോഴ്സ് വിജയിക്കുന്നത് ഒന്നാം റാങ്കോടെയാണ്. ഹിന്ദുസ്ഥാൻ ടൈംസിൽ പത്രപ്രവർത്തകനായി ജോലി ലഭിച്ചു എങ്കിലും സിനിമയോടുള്ള അഭിനിവേശം കൊണ്ടു തന്നെ ഉന്നതമായ ആ ഉദ്യോഗം സ്വീകരിച്ചില്ല. പകരം ചലച്ചിത്ര വാരികയുടെ പ്രതിനിധി ആവാൻ മദ്രാസിലേക്ക് തീവണ്ടി കയറുകയും ചെയ്തു.
ബാലചന്ദ്രമേനോന്റെ സിനിമ-പത്രപ്രവർത്തക ജീവിതം ഒരു ചലച്ചിത്ര കഥ പോലെ രസമുള്ളതാണ്, ആഴമുള്ളതാണ്. മേനോൻ പറയുന്നതുപോലെ താൻ സിനിമ പഠിച്ചത് കോടമ്പാക്കത്തിലൂടെയുള്ള തീരാത്ത ഈ നടപ്പിലൂടെയാണ്, അലച്ചിലിലൂടെയാണ്.
പിൽക്കാലത്ത് ഗാന രചനാരംഗത്ത് പ്രശസ്തനായ ഭരണിക്കാവ് ശിവകുമാറും മറ്റു മൂന്നുപേരും താമസിച്ചിരുന്ന ചെറിയ വാടക മുറിയിലേക്ക് ബാലചന്ദ്രമേനോനും ഒരിടം കിട്ടി. വാടക മുറിയിലെ ജീവിതത്തിന്റെ കഥ മേനോൻ സ്റ്റൈലിൽ കേട്ടാലേ പൂർണ്ണമാകൂ ! രാവിലെ പ്രാതൽ കഴിക്കണ്ടേ എന്ന് പുതിയ പത്രപ്രവർത്തകൻ ചോദിക്കുമ്പോൾ നമ്മൾ എഴുന്നേറ്റപ്പോൾ തന്നെ മണി പത്തായില്ലേ, ഇനിയിപ്പോ ലഞ്ചിനുള്ള സമയമല്ലേ എന്നുള്ള മറുപടി ഭരണിക്കാവിൽ നിന്ന് ലഭിക്കും.
അക്കാലത്ത് സിനിമയിൽ അവസരം ലഭിക്കുവാൻ എത്തുന്ന പല പ്രതിഭകളും ഇത്തരത്തിൽ യാതനകൾ സഹിച്ചാണ് ജീവിച്ചത് എന്ന് ബാലചന്ദ്രമേനോൻ പറയാറുണ്ട്. ഏതാണ്ട് സമാനമായ അവസ്ഥയിൽ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയെ ബാലചന്ദ്രമേനോൻ അക്കാലത്ത് കണ്ടിട്ടുണ്ട്. "കപ്പലണ്ടിയിൽ നല്ല വിറ്റാമിൻ ഉണ്ടല്ലോ പിന്നെ എന്തിനാണ് ചോറ് കഴിക്കുന്നത്' എന്ന് പറഞ്ഞ് റോഡിലൂടെ കപ്പലണ്ടി കൊറിച്ചുകൊണ്ട് നടക്കുന്ന ബിച്ചു തിരുമലയുടെ ചിത്രം ബാലചന്ദ്രമേനോൻ പങ്കിടാറുണ്ട്. പുതിയ സിനിമാ തലമുറയ്ക്കു ഒരു ഓർമപ്പെടുത്തലായി...
ഏതായാലും "സുന്ദരമായ' ഈ പട്ടിണി ദിനങ്ങളിൽനിന്നു രക്ഷപ്പെട്ട ബാലചന്ദ്രമേനോൻ ചേക്കേറിയത് അന്ന് തിക്കുറിശി താമസിച്ചിരുന്ന ആണ്ടവർ കോവിൽ തെരുവിലെ വീടിന്റെ മുകൾ നിലയിലെ മുറിയിലാണ്. 75 രൂപ വാടകയ്ക്ക് ലഭിച്ച ഒരു കുടുസ് മുറി.
മുടി മേലെ കെട്ടിവെച്ച, ചേല വാരിചുറ്റിയ, എപ്പോഴും വെറ്റില മുറുക്കി കൊണ്ടിരിക്കുന്ന ഒരു സ്ത്രീയായിരുന്നു വീട്ടുടമ. കണ്ടതും കേട്ടതും എന്ന സിനിമയിൽ നടി മീന അവതരിപ്പിച്ച ഹൃദയശൂന്യയായ വീട്ടുടമ കഥാപാത്രത്തെ ഓർക്കുന്നില്ലേ... മീന അതിമനോഹരമാക്കിയ ആ കഥാപാത്രത്തെ ബാലചന്ദ്രമേനോൻ കണ്ടെടുത്തത് തന്റെ വീട്ടുടമയിൽ നിന്ന് തന്നെ.
ബാലചന്ദ്രമേനോൻ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത് അന്നത്തെ ഏറ്റവും തിരക്കേറിയ നായികയായ റാണി ചന്ദ്രയെ ഇന്റർവ്യൂ ചെയ്തു കൊണ്ടാണ്. തിരക്കേറിയ നായിക നടിയുടെ പരിവേഷങ്ങൾ ഒന്നുമില്ലാതെ വളരെ സ്നേഹത്തോടെയായിരുന്നു റാണി ചന്ദ്രയുടെ പെരുമാറ്റം. ആദ്യമായി റാണി ചന്ദ്രയെ കാണുമ്പോൾ നായിക നടിക്ക് ഒപ്പമുണ്ടായിരുന്ന വളരെ മെലിഞ്ഞ യുവ സംവിധായകനെ പത്രപ്രവർത്തകന് പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ അഭിമുഖം വാരികയിൽ കൊടുക്കണം എന്ന് പറയുകയും ചെയ്തിരുന്നു. ആ സംവിധായകൻ ആരാണെന്നല്ലേ. മലയാള ചലച്ചിത്രലോകം പിന്നീട് അക്ഷരാർത്ഥത്തിൽ കീഴടക്കിയ ഐ.വി ശശി തന്നെ!
മലയാളത്തിന്റെ സുന്ദരനായ വില്ലൻ കെ പി ഉമ്മറുമായും നല്ല ആത്മബന്ധം ഉണ്ടായിരുന്നു ബാലചന്ദ്രമേനോന്. ഉമ്മുക്കാ എന്ന് ഏറെ സ്നേഹത്തോടെ കെ. പി. ഉമ്മറിനെ സംബോധന ചെയ്യുന്ന ബാലചന്ദ്രമേനോനെയും പ്രേക്ഷകർക്കറിയാം.
എന്നാൽ തുടക്കം നമ്മൾ കരുതുന്നത് പോലെ അത്ര സുഖകരമായിരുന്നില്ല. പത്രപ്രവർത്തകനും സിനിമയിലെ വില്ലനും ആദ്യ സമാഗമത്തിൽ തന്നെ ഏറ്റുമുട്ടി എന്നുള്ളതാണ് സത്യം. പ്രേംനസീറും കെ.പി. ഉമ്മറും അടൂർ ഭാസിയും അഭിനയിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്ന സ്റ്റുഡിയോയിൽ വച്ചായിരുന്നു ഈ കൊമ്പ് കോർക്കൽ.
വെയിലത്ത് വിയർത്ത് തളർന്നു അഭിമുഖത്തിനായി എത്തിയിരിക്കുന്ന നിങ്ങളുടെ അവസ്ഥ വളരെ ദയനീയം ആണല്ലോ എന്നും സിനിമാ വാരികയുടെ ഉടമയോട് ഒരു സൈക്കിൾ വാങ്ങി തരാൻ പറയാം എന്നുമുള്ള കെ.പി. ഉമ്മറിന്റെ കമന്റ് യുവപത്ര പ്രവർത്തകനെ വല്ലാതെ ചൊടിപ്പിച്ചു. സിനിമയ്ക്കുള്ളിലും പുറത്തും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ട് മുന്നേറുന്ന ബാലചന്ദ്രമേനോൻ അര നിമിഷം വൈകാതെ തിരിച്ചടിച്ചു...
കോടമ്പാക്കത്തിലൂടെ ഞാൻ നടന്നതു കൊണ്ടോ, ക്ഷീണിച്ചത് കൊണ്ടോ മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാനില്ല. എന്റെ തലയ്ക്കുള്ളിൽ ഉള്ള സാധനം കൊണ്ടാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ നിങ്ങൾ മുഖത്തെ മാംസം സൂക്ഷിക്കണം.
സിനിമാ പ്രവർത്തകർ ഇടപെട്ടാണ് അന്ന് വലിയൊരു സംഘർഷം ഒഴിവാക്കിയത്. എങ്കിലും പ്രശ്നങ്ങൾ ഇവിടെ തീർന്നില്ല.. കെ.പി ഉമ്മറനെതിരേ സംവിധായകൻ ഡോ. ബാലകൃഷ്ണൻ അയച്ച കോടതി നോട്ടീസിന്റെ വാർത്ത വാരികയിൽ അച്ചടിച്ച് ഉമ്മറിനോടുള്ള 'പ്രതികാരം' ബാലചന്ദ്രമേനോൻ തീർത്തു. എന്നാൽ പത്രപ്രവർത്തകനെ ആകെ ഞെട്ടിച്ചു കൊണ്ട് 'വാർത്ത നന്നായി 'എന്ന് പറഞ്ഞ് കെ. പി ഉമ്മർ ബാലചന്ദ്രമേനോനെ അഭിനന്ദിക്കുകയായിരുന്നു...ആ നിമിഷം മുതൽ ഉമ്മുക്കയുമായി തുടങ്ങിയ സൗഹൃദം അദ്ദേഹത്തിന്റെ അവസാന കാലം വരെ നീണ്ടു നിന്നു.
1975 ൽ എവിഎം സ്റ്റുഡിയോയിൽ വച്ചാണ് നിത്യഹരിത നായകൻ പ്രേംനസീറുമായി അഭിമുഖം നടത്തിയത്. യുവപത്ര പ്രവർത്തകന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി അന്ന് പ്രേംനസീർ ചോദിച്ചിരുന്നു. "സത്യത്തിൽ എന്താണ് നിങ്ങളുടെ ഉദ്ദേശ്യം" പത്രപ്രവർത്തനത്തിന്റെ പുതിയ മേഖലകളിലേക്ക് കടക്കണം എന്ന് ബാലചന്ദ്രമേനോൻ മറുപടി പറഞ്ഞു.. വർഷങ്ങൾ ഏറെ കഴിഞ്ഞു.
ബാലചന്ദ്രമേനോൻ ചലച്ചിത്ര സംവിധായകനായും നടനായും മാറി. മലയാള സിനിമയുടെ പുതിയ ട്രെൻഡ് സെറ്ററായി മാറിയ മേനോനെ പ്രേംനസീർ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. പ്രേംനസീർ ഉണ്ണിത്താനായി അഭിനയിച്ച കാര്യം നിസാരം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയം. തിയറ്ററിൽ നൂറ് ദിവസം നിറഞ്ഞ കാര്യം നിസാരത്തിന്റെ ചിത്രീകരണത്തിനിടയിൽ പ്രേംനസീർ തന്റെ സംവിധായകനെ പതുക്കെ അടുത്തേക്ക് വിളിച്ചു. "മിസ്റ്റർ മേനോൻ, വർഷങ്ങൾക്ക് മുൻപ് എന്റെ അഭിമുഖം എടുക്കുവാനായി എവിഎം സ്റ്റുഡിയോയിൽ വന്ന സംഭവം ഓർമ്മയുണ്ടോ?" ബാലചന്ദ്രമേനോൻ പുഞ്ചിരിയോടെ ഓർമ്മയുണ്ട് നസീർ സാർ എന്നു പറഞ്ഞു. അപ്പോൾ സ്വതസിദ്ധമായ ശൈലിയിൽ പ്രേംനസീർ പറഞ്ഞു.
"അന്ന് എത്ര വട്ടം ഞാൻ ചോദിച്ചതാണ്. എന്താണ് നിങ്ങളുടെ ശരിയായ ഉദ്ദേശ്യം എന്ന്. ഇപ്പോൾ മേനോൻ മലയാളത്തിന്റെ പ്രശസ്തരായ സംവിധായകരിൽ ഒരാളായില്ലേ. എങ്ങനെയുണ്ട് എന്റെ റീഡിംഗ്? തന്റെ മനസിലെ സിനിമാ മോഹം തന്ത്രത്തിൽ മൂടി വച്ച് പത്രപ്രവർത്തകന്റെ സർവഭാവങ്ങളും മുഖത്തും വാക്കുകളിലും എടുത്ത് നിറച്ച് താൻ അഭിമുഖം നടത്തുമ്പോഴും നസീർ സാർ തന്റെ ഉള്ളിലേക്ക് കടന്ന്, സത്യം കണ്ടെടുത്തിരുന്നല്ലോ എന്നത് ബാലചന്ദ്രമേനോനെ ഇന്നും അതിശയിപ്പിക്കുന്ന ഒന്നാണ്.
Movies
സ്ത്രീപക്ഷ സിനിമ എന്ന ലേബൽ റേച്ചൽ സിനിമയ്ക്ക് നൽകേണ്ടതില്ലെന്ന് സംവിധായിക ആനന്ദിനി ബാല. ഡിസംബർ ആറിന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആനന്ദിനി ബാല.
ജീവിതത്തിലെ ഏറ്റവും സങ്കീർണമായ പരുക്കൻ യാഥാർഥ്യങ്ങളെ നേരിടുന്ന ഇറച്ചിവെട്ടുകാരിയായ ഒരു അവിവാഹിതയുടെ കരുത്തുറ്റ കഥാപാത്രത്തെയാണ് താൻ അഭിനയിക്കുന്നതെന്ന് ഹണി റോസ് പറഞ്ഞു.
അതിജീവനത്തിനേക്കാൾ ഉപരി സ്വത്വബോധവും ആത്മാഭിമാനവും നേടിയെടുക്കാനുള്ള പോരാട്ടമാണ് കഥയുടെ കാതൽ. 20 വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യമായണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതെന്നും കിട്ടിയത് ഏറ്റവും ശക്തമായ കഥാപാത്രമായത് ഏറെ സന്തോഷം നൽകുന്നതായും ഹണി പറഞ്ഞു.
ഡിസംബർ ആറിന് സിനിമയുടെ ആഗോള റിലീസ് നടക്കുമെന്ന് നിർമ്മാതാവ് ബാദുഷാ അറിയിച്ചു. എബ്രിഡ് ഷൈൻ, ഐഎസ്സി പ്രസിഡന്റ് ജയചന്ദ്രൻ നായർ, സെക്രട്ടറി സത്യബാബു, വനിതാ വിഭാഗം കൺവീനർ ഡോ. ശ്രീദേവി ശിവാനന്ദം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Movies
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ്. മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന്ന വീരമണകണ്ഠൻ എന്ന 3D ചിത്രത്തിന്റെ പൂജാ എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്നു.
ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
കേരള സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും സംസ്ഥാന അവാർഡ് ജേതാവും ഗാന രചയിതാവുമായ കെ ജയകുമാർ ഐഎഎസ് ആണ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്.
വീരമണികണ്ഠൻ ശബരിമല ശ്രീ അയ്യപ്പന്റെ ചരിത്രകഥയാണ് പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ. നിർമാണ നിർവഹണം - അനീഷ് പെരുമ്പിലാവ്. മണ്ഡലകാലത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.
ശബരിമല, പമ്പ, നിലയ്ക്കൽ, സത്രം, എരുമേലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
കുഞ്ചാക്കോ ബോബനെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ചില ഓൺലൈൻ മീഡിയ വളച്ചൊടിച്ചെന്ന് മിമിക്രി കലാകാരനായ സുനിൽരാജ് ഇടപ്പാള്‍.
ചാക്കോച്ചൻ ചെയ്ത നല്ലൊരു ഉപകാരം മറ്റുള്ളവർ അറിയാൻ വേണ്ടിയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും സിനിമയിലെ ചില സജഷൻ, ചീറ്റിംഗ് ഷോട്ടുകളില്‍ മാത്രമാണ് താൻ പ്രത്യക്ഷപ്പെട്ടതെന്നും സുനിൽ പറയുന്നു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിൽ കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയി ചില സീനുകളിൽ താൻ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് സുനിൽരാജ് വെളിപ്പെടുത്തിയിരുന്നു.
‘‘ഹായ് എല്ലാവർക്കും നമസ്കാരം. ഞാൻ നിങ്ങളുടെ സ്വന്തം സുനിൽ രാജ് കടപ്പാട്. എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്. ഞാൻ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയിരിക്കുകയാണ്. ഇന്ന് രാവിലെ ഒരു പോസ്റ്റ് ഇട്ടു വേറൊന്നുമല്ല,
കുറേ ആളുകൾ എന്റെ അടുത്ത് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ‘നീ ചാക്കോച്ചൻ അനുകരിച്ചിട്ട് എന്തു കിട്ടി’ അല്ലെങ്കിൽ ‘ഇത്രയും വർഷം ചാക്കോച്ചന്റെ പുറകെ നടന്നിട്ട് എന്തു നേടി’, ‘ചാക്കോച്ചനെ കൊണ്ട് നിനക്കെന്താ ഗുണം’ എന്നൊക്കെ ചോദിച്ചിട്ട് കുറെ ആളുകൾ എന്നെ നെഗറ്റീവ് കമന്റ്സ് പറയുന്നുണ്ട്.
നേരത്തെ ഞാനും ചാക്കോച്ചനും ഒരുമിച്ച് വന്ന വേദിയിൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് പറയുകയുണ്ടായി. ചാക്കോച്ചൻ വ്യക്തിപരമായി എനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ടിട്ട്. അപ്പോള്‍ കുറെ പേര് ചോദിച്ചു അത് പൈസയായിട്ടാണോ അല്ലെങ്കിൽ ആശുപത്രി കേസിലാണോ എന്നൊക്കെ.
അങ്ങനെയൊന്നുമല്ല എനിക്ക് ചെയ്തിട്ടുള്ള സഹായമാണ്, അദ്ദേഹം ഭയങ്കര ബിസി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കുറച്ച് പോർഷൻസ് എന്നുവച്ചാൽ സജഷൻ ഷോട്ട്, പാച്ച് ഷോട്ട്, ചീറ്റിംഗ് ഷോട്ട്, ഡ്യൂപ്പ് ഷോട്ട് എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് സീക്വൻസ് എനിക്കൊരു സിനിമയിൽ ചെയ്യാൻ പറ്റി.
അദ്ദേഹം ആ സമയത്ത് അമേരിക്കയിൽ ആയിരുന്നു. അപ്പൊ ആ സിനിമയിലേക്ക് എന്റെ കാര്യം സജസ്റ്റ് ചെയ്തത് അദ്ദേഹം തന്നെയാണ്. അത് വലിയൊരു കാര്യമാണ്. നിങ്ങളെ സംബന്ധിച്ച് എത്രത്തോളം ഉണ്ടെന്ന് എനിക്കറിയില്ല, പക്ഷേ എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്.
കാരണം അദ്ദേഹത്തെ പോലൊരു നടൻ എന്റെ പേര് പറയുകയും അവരെന്നെ വിളിക്കുകയും ചെയ്യുക. എനിക്ക് ആ സിനിമയിൽ നല്ല കാര്യങ്ങളെ ഉണ്ടായിട്ടുള്ളൂ.
ഒരു നടനെന്ന നിലയിൽ കിട്ടേണ്ട ഏറ്റവും വലിയ കാര്യങ്ങളും പിന്തുണയും എനിക്ക് അവർ തന്നു. ചാക്കോച്ചൻ ചെയ്ത നല്ലൊരു ഉപകാരം മറ്റുള്ളവർ അറിയാൻ വേണ്ടിയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത്.
പക്ഷെ അത് പുറത്തേക്ക് വന്നപ്പോഴേക്കും നെഗറ്റീവ് ആയി. ഓൺലൈൻ മീഡിയക്കാർ അത് വേറെ രീതിയില്‍ വളച്ചൊടിച്ചു. ‘ചാക്കോച്ചനെ കുറിച്ച് സുനിൽ രാജ് മനസ് തുറക്കുന്നു’ ചാക്കോച്ചനെ കുറിച്ച് രഹസ്യങ്ങൾ പറയുന്നു അങ്ങനെ എന്തൊക്കെയോ കുറെ പേര് എനിക്ക് അയച്ചു, കാണാൻ പറ്റിയിട്ടില്ല ഞാൻ കുറച്ച് തിരക്കിലായിരുന്നു കുറേ കോൾസ് വന്നപ്പോഴാണ് ഈ സംഭവം എന്താണെന്ന് അറിയുന്നത്.
ചാക്കോച്ചൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല, അദ്ദേഹം ഉപകാരം അല്ലാതെ ഒരു ഉപദ്രവവും എന്റെ അടുത്ത് ചെയ്തിട്ടില്ല ചെയ്യുകയുമില്ല. ഞാൻ അങ്ങോട്ട് ചെയ്തെങ്കിലെ ഒള്ളൂ.
ഒരിക്കലും ഒരു മനുഷ്യനോടും ഒരു ദ്രോഹവും ചെയ്യാത്ത ഒരു മനുഷ്യനാണ് ചാക്കോച്ചൻ. മാത്രമല്ല ചാക്കോച്ചൻ ലവേഴ്സ്, ചാക്കോച്ചൻ ഫാൻസ് ഇവരൊക്കെ തന്നെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഇനിയിപ്പോ അതെന്താണെന്ന് ഞാൻ പറയുന്നില്ല കാരണം അത് പറഞ്ഞു കഴിഞ്ഞാൽ മറ്റൊരു വിഭാഗത്തിലേക്ക് പോകും.
എനിക്കിത്രയേ പറയാനുള്ളൂ, ഞാൻ പറഞ്ഞ സത്യങ്ങൾ വളച്ചൊടിച്ച് അത് അദ്ദേഹത്തിന് വിഷമം ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. കാരണം അദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യനുമായി സൗഹൃദം പുലർത്താൻ കഴിയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്.’’സുനിൽരാജിന്റെ വാക്കുകൾ.
Movies
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തന്റെ എഐ ചിത്രങ്ങളിൽ ആശങ്ക വ്യക്തമാക്കി നടി കീർത്തി സുരേഷ്. സമൂഹമാധ്യമങ്ങളിൽ തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ കാണുമ്പോൾ ഞെട്ടിപ്പോകാറുണ്ടെന്നും സ്വകാര്യതയിലേയ്ക്ക് കടന്നുകയറുന്ന നിർമിത ബുദ്ധികൾ ആപത്താണെന്നും കീർത്തി പറഞ്ഞു.
ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കീർത്തി സുരേഷ് ഇക്കാര്യങ്ങൾ പറഞ്ഞത്.
''എഐ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് ഇന്ന്. അത് ഒരേസമയം അനുഗ്രഹവും ശാപവുമായതായി തോന്നുന്നു. മനുഷ്യർ കണ്ടുപിടിച്ച സാങ്കേതികവിദ്യ നമ്മുടെ നിയന്ത്രണത്തിന് അപ്പുറം പോയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ, എന്റെ മോർഫ് ചെയ്ത ചിത്രം കാണുമ്പോൾ ഞാൻ തന്നെ ചിലപ്പോൾ ഞെട്ടിപ്പോകാറുണ്ട്.
ഈ വസ്ത്രം ഒക്കെ ഞാൻ ധരിച്ചിട്ടുണ്ടോ എന്ന് ഞാൻ ആലോചിക്കും. അത്രയും ഒറിജിനാലിറ്റി ആ ചിത്രങ്ങൾക്കുണ്ട്. അടുത്തിടെ, ഒരു സിനിമയുടെ പൂജയ്ക്ക് ഞാൻ ധരിച്ച വസ്ത്രം മറ്റൊരു ആംഗിളിൽ, മോശമായ രീതിയിൽ മാറ്റിയതായി ഞാൻ കണ്ടു.
ഒരു നിമിഷം ഞാൻ ആശ്ചര്യപ്പെട്ടു, ഞാൻ ഇങ്ങനെ പോസ് ചെയ്തിട്ടേയില്ലല്ലോ എന്ന് ആലോചിച്ചു. ഇത് തീർച്ചയായും അരോചകമാണ്. ഇത് തീർച്ചയായും വേദനാജനകമാണ്. പ്രശ്നം ചലച്ചിത്ര മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും സോഷ്യൽ മീഡിയയിലേക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സജീവമാകുന്ന ആരെയും ബാധിക്കാമെന്നും'' കീർത്തി സുരേഷ് ചൂണ്ടിക്കാട്ടി.
എഐയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് നടി ആൻഡ്രിയ ജെറമിയയും ആശങ്ക അറിയിച്ചു. അഭിനേതാക്കൾക്ക് മാത്രമല്ല, പൊതുജനങ്ങൾക്കും എഐ ഒരു പ്രശ്നമായി മാറുന്നുണ്ടെന്നും ആൻഡ്രിയ വ്യക്തമാക്കി.
Movies
തന്റെ ഫോട്ടോയിൽ മോഹൻലാൽ ഒപ്പിച്ച ഒരു കുസൃതി ആരാധകരുമായി പങ്കുവച്ച് നടി എസ്തർ അനിൽ. എസ്തറിന്റെ ഒരു ഫോട്ടോ എഡിറ്റ് ചെയ്ത് മോഹൻലാൽ ഒപ്പിച്ചൊരു കുസൃതിയാണ് രസകരം.
എസ്തറിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മടിയിൽ ഒരു കുരങ്ങ് ഇരിക്കുന്നതായി കൂട്ടിച്ചേർത്തിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിനൊപ്പം ‘ബ്യൂട്ടി ആൻഡ് ബീസ്റ്റ്’ എന്നും മോഹൻലാൽ കുറിച്ചിട്ടുണ്ട്.
Movies
തന്നെക്കുറിച്ച് പ്രചരിക്കുന്ന വിവാദകഥകളിൽ പ്രതികരിച്ച് നടി കയാദു ലോഹർ. വ്യാജ പ്രചാരണങ്ങള്‍ തനിക്ക് വിഷമമുണ്ടാക്കുന്നുണ്ടെന്നും ചിലപ്പോൾ താൻ കരഞ്ഞുപോയെക്കുമെന്നും അവർ പറയുന്നു. തമിഴ് യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കയാദു മനസുതുറന്നത്.
തമിഴ്നാട് സര്‍ക്കാറിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇഡി അന്വേഷണത്തില്‍ കയാദു ലോഹറിന്റെ പേരും ഉള്‍പ്പെടുന്നു എന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്.
മോശം കമന്റ് ചെയ്യുന്നവരും കഥകൾ മെനയുന്നവരും അൽപം ദയ കാണിക്കണമെന്ന് താരം പറയുന്നു.
നെഗറ്റിവ് കമന്റുകളെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ ഒരുപാട് നാളായി ഇതിനെക്കുറിച്ച് ആലോചിക്കുന്നു. എന്നെക്കുറിച്ചുള്ള വിവാദത്തെപ്പറ്റി സംസാരിച്ചേ പറ്റൂ. കുറേ കാലമായി ഞാൻ ഇതിന്റെ പേരിൽ ബുദ്ധിമുട്ടുന്നു. സത്യം പറഞ്ഞാൽ, സിനിമയുടെ യാതൊരു ബാക്ക്ഗ്രൗണ്ടുമില്ലാത്ത സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്. അതിനാൽ തന്നെ എല്ലാ കാര്യങ്ങളും എനിക്ക് പുതിയതാണ്. ആളുകൾ എന്നെക്കുറിച്ച് പറയുന്ന കാര്യങ്ങളെല്ലാം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്.
ആളുകൾ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെയാണല്ലോ ചിന്തിക്കുന്നത് എന്ന് ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം ഞാൻ ആലോചിക്കും. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം കമന്റുകള്‍ വായിക്കുമ്പോഴും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത് കാണുമ്പോഴും എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് തോന്നും.
ഞാന്‍ ഒന്നും ചെയ്തില്ലല്ലോ. നിങ്ങള്‍ എന്തിനാണ് എന്നെ ലക്ഷ്യംവയ്ക്കുന്നത്? ആളുകൾ നിരന്തരം സംസാരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരു ജോലിയാണ് ഞാൻ ചെയ്യുന്നത് എന്ന് എനിക്കറിയാം. പക്ഷെ എന്നെയത് വല്ലാതെ ബാധിക്കുന്നുണ്ട്.
ഈ പറഞ്ഞതിനർഥം ഇതെല്ലാം എന്നെ തകര്‍ക്കും എന്നല്ല. ഞാന്‍ എപ്പോഴും തലയുയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോവും, എന്റെ ജോലിചെയ്യും. എത്രയധികം വെറുപ്പ് എനിക്കെതിരെ വന്നാലും ഞാൻ നിർവികാരയായി അതിനെ സ്വീകരിക്കും.
എനിക്ക് കിട്ടുന്ന സ്നേഹത്തോട് എന്നും കടപ്പാടുണ്ടാകും. ഞാൻ മുന്നോട്ടു തന്നെപോകും. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പോകാൻ കഴിയുന്നില്ല എന്ന് മാത്രമേയുള്ളൂ. ചിലപ്പോൾ ഞാന്‍ കരഞ്ഞേക്കാം, മോശം ദിവസങ്ങള്‍ ഉണ്ടായേക്കാം, എങ്കിലും ഞാന്‍ മുന്നോട്ടുതന്നെ പോകും. തോറ്റുകൊടുക്കാൻ തയാറല്ല.’
Movies
എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഉറ്റസുഹൃത്ത് മമ്മൂട്ടിയെ കാണാൻ വീട്ടിൽ ചെന്ന വിശേഷങ്ങളുമായി നടൻ വി.കെ. ശ്രീരാമൻ. ഭാര്യയ്ക്കൊപ്പം മമ്മൂട്ടിയുടെ കൊച്ചി കടവന്ത്രയിലെ വീട്ടിലാണ് ശ്രീരാമൻ ചെന്നത്.
മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫിയിലുള്ള കമ്പം വളരെ രസകരമായാണ് ശ്രീരാമൻ കുറിപ്പിൽ വിവരിച്ചിരിക്കുന്നത്. മമ്മൂട്ടി പകർത്തിയ തന്റെയും ഭാര്യയുടെയും ചിത്രങ്ങളും താരം പങ്കുവച്ചു.
‘ഇന്നുച്ചതിരിഞ്ഞ് എറണാളത്ത് കടവന്ത്ര ഭാഗത്തൊരു വീട്ടീപ്പോയി. ന്റെ തീയ്യത്തീം ഇണ്ടാർന്നു കൂടെ. വീട്ടൊടമസ്ഥൻ കലാരസികനാ. ച്ചാൽ കലാകാരനും രസികനുമാണ് എന്നർത്ഥം. അനർത്ഥം എന്താച്ചാൽ ഇടയ്കിടക്ക് ‘നിനക്കൊക്കെ നന്നായിക്കൂഡ്രാ’ എന്ന് ചോദിക്കും. പിന്നെ ഫോട്ടം പിടിച്ചു കൊണ്ടിരിക്കും. അപ്ലൊക്കെ ചിരിക്കടാ എന്നു ഗർജ്ജിക്കും. നമ്മളെക്കൊണ്ട് കൂട്ട്യാ കൂടണേലോരി അല്ലെ നമ്മള് ചിർക്ക്യാ. ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ?’
മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് വി.കെ ശ്രീരാമൻ. ഇരുവരും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് വി.കെ ശ്രീരാമൻ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ ആരാധകശ്രദ്ധ നേടിയിരുന്നു.
മമ്മൂട്ടിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ രത്നച്ചുരുക്കമാണ് അന്ന് ശ്രീരാമൻ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയകാല ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.
Movies
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന നടിമാർ മേടിക്കുന്നതിലും ഇരട്ടി തുക ഹണി റോസ് ഒരു വർഷം ഉദ്ഘാടനത്തിലൂടെ സമ്പാദിക്കുന്നുണ്ടെന്ന് സംവിധായകൻ വിനയൻ. ഹണി റോസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘റേച്ചൽ’ സിനിമയ്ക്ക് ആശംസകളുമായി എത്തിയതായിരുന്നു അദ്ദേഹം.
‘റേച്ചൽ ഞാൻ പ്രതീക്ഷിച്ചതിനെക്കാളുമൊക്കെ ഞെട്ടിച്ചു കളഞ്ഞു. ഹണി നന്നായി ആ കഥാപാത്രം ചെയ്തിട്ടുണ്ട്. വളരെ സീരിയസ് ആയ ചിത്രമാണ് റേച്ചൽ. വളരെ കഷ്ടപ്പെട്ട് ചെയ്ത് ഇറക്കുന്നൊരു പടം. ഇങ്ങനെ കഷ്ടപ്പെട്ട് ചെയ്ത സിനിമകളൊക്കെ ഭാവിയിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. എന്റെ അനുഭവമാണിത്. ഇങ്ങനെ ഒരു വിഷയം തെരഞ്ഞെടുത്തതിൽ ഞാൻ അഭിനന്ദനം അറിയിക്കുകയാണ്.
2002, 2003ലോ മറ്റോ ആണ് പൃഥ്വിരാജിന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഹണി റോസ് എന്നെ വന്ന് കാണുന്നത്. മകളെ നായികയാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞാൻ പറഞ്ഞു അവൾ കുറച്ചുകൂടി വലുതാകട്ടെ എന്ന്.
പിന്നീട് രണ്ട് മൂന്ന് വർഷം കഴിഞ്ഞാണ് പുതിയ ആൾക്കാരെ വച്ച് ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രം ചെയ്യാം, മണിക്കുട്ടനെ ഹീറോ ആക്കാം എന്ന് ചർച്ച നടക്കുന്നത്. അപ്പോഴാണ് ഹണിയുടെ അച്ഛൻ വരുന്നതും ഒടുവിൽ ഹണി സിനിമയുടെ ഭാഗമാകുന്നതും.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന നടിമാർ 10 സിനിമ ചെയ്താൽ കിട്ടുന്നതിന്റെ കൂടുതൽ പൈസ ഹണി ഒരു വർഷം ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കുന്നുണ്ട്. അതിന് യാതൊരു സംശയവും ഇല്ല.
ചെറിയ സിനിമകൾ വലിയ വിജയമാകുമ്പോഴാണ് വലിയൊരു സന്തോഷം നമുക്കുണ്ടാകുന്നത്. ആദ്യകാലത്ത് ഞാൻ കോമഡി സിനിമകൾ ചെയ്ത ആളാണ്. പിന്നീട് ‘ആകാശഗംഗ’ എന്ന ഹൊറർ ചിത്രം ചെയ്തു.
പക്ഷേ അവയേക്കാളൊക്കെ മനസിൽ നിൽക്കുന്നത് വെറും 35 ലക്ഷം രൂപ മുടക്കി ചെയ്ത വാസന്തിയും ലക്ഷ്മിയും ആണ്. അന്നത്തെ കാലത്ത് ആ സിനിമ മൂന്നര കോടി രൂപ കളക്ട് ചെയ്തുവെന്ന് പറയുന്നത് ചെറിയ കാര്യമല്ല. അതുപോലെ റേച്ചൽ വലിയൊരു വിജയമാകട്ടെ.’’ വിനയൻ പറഞ്ഞു.
Movies
പുതുമുഖങ്ങളായ അമീർ ബഷീർ, സ്നേഹ ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തിൽ ഫിലിംസിന്റെ ബാനറിൽ നവാഗതനായ അമീർ ബഷീർ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഒരു വയനാടൻ കഥ.
ആക്ഷന്‍ ഏറെ പ്രാധാന്യമുള്ളതാണ് ഈ ഫീൽഗുഡ് ത്രില്ലർ. ഒരു റിയൽ സൂപ്പർ ലൈഫ് ഹീറോയുടേതാണ് ചിത്രത്തിന്റെ കഥ. അന്തരിച്ച പ്രിയ താരങ്ങളായ മാമുക്കോയയുടെയും കലാഭവൻ ഹനീഫിന്റെയും അവസാന ചിത്രങ്ങളിൽ ഒന്നാണ് ഇത്.
ബൈജു എഴുപുന്ന, കിരൺ രാജ്, സിദ്ദിഖ് കൊടിയത്തൂർ, അംജത്ത് മൂസ, ദേവി അജിത്ത്, അലീഷ റോഷൻ എന്നിവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലെ താരനിരയിലുണ്ട്.
സന്തോഷ് മേലത്ത് ആണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, റഫീഖ് ഇല്ലിക്കൽ എന്നിവരുടെ വരികൾക്ക് പ്രമോദ് സാരംഗ് ഈണമൊരുക്കി. എഡിറ്റർ: ഷമീർ ഖാൻ, അരുൺ രാഘവ്, ആർട്ട്: സാം ജോസഫ്, മേക്കപ്പ്: എ.പി നാഥ്, പ്രൊഡക്ഷൻ കൺട്രോളർ: നസീർ ഇബ്രാഹിം, സൗണ്ട് ഡിസൈനിംഗ്: ആനന്ദ് ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പിആർഒ: പി. ശിവപ്രസാദ്.
Movies
നടി മീര വാസുദേവ് വിവാഹമോചിതയായി. സീരിയൽ കാമറമാൻ വിപിൻ പുതിയങ്കവുമായുള്ള വിവാഹജീവിതത്തിനാണ് വിരാമം ആയിരിക്കുന്നത്. നടിയുടെ മൂന്നാം വിവാഹമോചനമാണിത്. ഓഗസ്റ്റ് മുതൽ താൻ സിംഗിളാണെന്ന് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഒന്നര വർഷം നീണ്ട ബന്ധത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങളും വീഡിയോയും നടി നീക്കം ചെയ്തിട്ടുണ്ട്.
'ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.’ മീര കുറിച്ചു.
കഴിഞ്ഞ വര്‍ഷം മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. 43-കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. കുടുംബവിളക്ക് എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
പാലക്കാട് സ്വദേശിയാണ് വിപിൻ. കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ കാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.
2005- ലായിരുന്നു വിശാൽ അഗർവാളുമായുള്ള മീരയുടെ ആദ്യ വിവാഹം. ഈ ബന്ധം 2010-ൽ പിരിഞ്ഞു. പിന്നീട് 2012ൽ നടന് ജോണ്‍ കൊക്കനെ വിവാഹം ചെയ്തെങ്കിലും നാലു വർഷത്തിന് ശേഷം ഈ ബന്ധവും പിരിഞ്ഞു. രണ്ടാം വിവാഹത്തില്‍ അരിഹ എന്നു പേരുള്ള മകൻ മീരയ്ക്കുണ്ട്. 2024 മേയിലാണ് വിപിനെ വിവാഹം കഴിച്ചത്. ഒടുവിൽ ഒന്നരവർഷങ്ങൾക്കിപ്പുറം ആ ബന്ധത്തിനും വിരാമം ആയിരിക്കുകയാണ്.
അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് മിനിസ്ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി.